Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപം; ഇ.പി ജയരാജന്റേത് ഇടതുവിരുദ്ധ നിലപാടെന്ന് എ.ഐ.എസ്.എഫ്

- ഇ.പിയുടേത് വൈകിയുദിച്ച ബുദ്ധിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
 
തിരുവനന്തപുരം -
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജന്റെ അഭിപ്രായത്തിനെതിരെ വിമർശവുമായി സി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ് രംഗത്ത്.
 ഇ.പി ജയരാജൻ പ്രഖ്യാപിച്ച നിലപാട് വിദ്യാഭ്യാസകച്ചവടത്തിന് സഹായകരമാണെന്നും വിദ്യാർത്ഥി വിരുദ്ധമായ ഈ അഭിപ്രായം പിൻവലിക്കണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കണമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ സർക്കാറിന്റെ കാലത്ത് സ്വകാര്യ സർവ്വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല എന്ന പ്രഖ്യാപനം അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
 സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപങ്ങളെ പോലും തള്ളിപ്പറയാതെ വിദ്യാർത്ഥി വിരുദ്ധമായും കച്ചവടക്കാരെ സഹായിക്കുന്നതുമായ പ്രസ്താവന ഉടനടി പിൻവലിക്കണമെന്നും ഇതിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ആർ.എസ് രാഹുൽ രാജും സെക്രട്ടറി പി കബീറും അറിയിച്ചു.
 ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപമാകാമെന്ന് മാധ്യമങ്ങളെ കണ്ട ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യുമെന്ന നിലപാടാണ് എൽ ഡി എഫിനുള്ളതെന്നും വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് സി പി എമ്മിന്റെ നയം മാറ്റമല്ല,  കാലത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നും ജയരാജൻ അവകാശപ്പെട്ടിരുന്നു. തെറ്റ് എല്ലാ കാലത്തും തെറ്റും ശരി എല്ലാ കാലത്തും ശരിയും ആകില്ലെന്നും സ്വാശ്രയ സമരത്തെ കുറിച്ചും പറഞ്ഞിരുന്നു. സ്വകാര്യ സർവ്വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ലെന്നും ഇ.പി വ്യക്തമാക്കിയിരുന്നു. ഇത് സമിശ്ര പ്രതികരണങ്ങളാണ് പൊതുസമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ളത്.
 ഇ.പിയുടേത് വൈകിയുദിച്ച ബുദ്ധിയാണെന്നാണ് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇവർക്ക് എപ്പോഴും വൈകിയേ ബുദ്ധിയുദിക്കൂവെന്നും അപ്പോഴേക്കും കാലം ഒരുപാട് മുന്നോട്ടു പോവുമെന്നും അദ്ദേഹം പരിഹസിച്ചു.

Latest News