പെരിന്തല്‍മണ്ണ-നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എണ്ണാതെ മാറ്റിവെച്ച തപാല്‍ വോട്ടുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെപിഎം മുസ്തഫയുടെ ഹരജിയിലാണ് നടപടി. തപാല്‍ വോട്ട്, എണ്ണിയത്, നിരസിച്ചത്, അസാധുവായത്, ടെന്‍ഡര്‍ വോട്ട് ഉള്‍പ്പെടെയുള്ളവ ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഈ വോട്ടുകള്‍ എണ്ണിയതിന്റെ വീഡിയോയും നല്‍കണം.
ഹരജി ഹൈക്കോടതി 17ന് വീണ്ടും പരിഗണിക്കും. പെരിന്തല്‍മണ്ണ റവന്യൂ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കെ പി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കോടതി നിര്‍ദേശപ്രകാരം വോട്ടുകള്‍ സൂക്ഷിച്ച സബ്ട്രഷറിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. 2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ മെയ് രണ്ടിനായിരുന്നു വോട്ടെണ്ണല്‍.
ആകെ 2,17,959 വോട്ടില്‍ 1,65,616പേര്‍ വോട്ടുചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 76,530 വോട്ടും കെ പി എം മുസ്തഫ 76,492 വോട്ടും നേടി. 38 വോട്ടിനാണ് മുസ്തഫ പരാജയപ്പെട്ടത്. ക്രമനമ്പര്‍ ഇല്ലാത്തതും പോളിങ് ഓഫീസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകള്‍ വരണാധികാരിയായ പെരിന്തല്‍മണ്ണ മുന്‍ സബ് കലക്ടര്‍ അസാധുവാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റ് ഇത് ചോദ്യംചെയ്‌തെങ്കിലും അസാധു വോട്ടായി പരിഗണിച്ചു. ഇതിനെതിരെയാണ് മുസ്തഫ കോടതിയെ സമീപിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)