- പാണക്കാട് കുടുംബം രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളതിനാലാണ് ക്ഷണിച്ചത്. സമസ്തയുടെ മഹല്ല് ഖാസിമാർ മാത്രമായിരുന്നെങ്കിൽ സമ്മേളനത്തിന് ക്ഷണിക്കുമായിരുന്നില്ലെന്നും മുജാഹിദ് നേതാവ്
കോഴിക്കോട് - മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ബഹിഷ്‌കരിച്ച നടപടിയിൽ പ്രതികരണവുമായി മുജാഹിദ് വിഭാഗം. ഇത്രയ്ക്ക് അസഹിഷ്ണുത കാണിക്കുന്ന സമസ്തയോടൊപ്പം ഇരുന്ന് എന്തിന് നേരം കളയണമെന്ന് കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി ചോദിച്ചത്.
ഭീഷണി മുഴക്കി തങ്ങന്മാരെ തടയുന്ന സമസ്ത നേതൃത്വം വീണ്ടുവിചാരം നടത്തണം. പാണക്കാട് കുടുംബം രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളത് കൊണ്ടാണ് കെ.എൻ.എം ക്ഷണിച്ചത്. സമസ്തയുടെ മഹല്ല് ഖാസിമാർ മാത്രമായിരുന്നെങ്കിൽ മുജാഹിദ് സമ്മേളനത്തിന് ക്ഷണിക്കുമായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി.
മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഉള്ളിൽ ആഗ്രഹമുള്ള പാണക്കാട് കുടുംബത്തെ തടഞ്ഞുവെച്ച് സമസ്ത എത്ര കാലം മുന്നോട്ടു പോകും? അവരെ ക്ഷണിക്കാൻ ചെല്ലുമ്പോൾ എന്തൊരു സന്തോഷത്തോടെയാണ് വരാമെന്നു പറയുന്നത്. തങ്ങന്മാരെ ദയവായി നിങ്ങളുടെ തടവറയിൽ നിന്നും മോചിപ്പിക്കുക. അവർ സമുദായ നേതാക്കളാണ്. അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കട്ടെ. എന്തിനീ ബേജാർ. ആ നിലയ്ക്ക് അവർ ആദരവും അംഗീകാരം അർഹിക്കുന്നവരാണ്.
ഇന്ന് കോഴിക്കോട് നടന്ന മുസ്‌ലിം കോ-ഓർഡിനേഷൻ മീറ്റിംഗിൽ കെ.എൻ. എം പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചതാണ്. ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്തെ ഭീഷണിപ്പടുത്തി മുജാഹിദ് സമ്മേളനത്തിൽ നിന്നും അകറ്റുന്ന സാഹചര്യത്തിൽ ചില വിട്ടുനിൽക്കലുകൾ നമുക്കും ആകാമല്ലോ. പാണക്കാട് തങ്ങന്മാരെ നമ്മൾ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും പൊതുകാര്യങ്ങൾക്ക് വേണ്ടി ഇനി കൂടെ ഇരിക്കൂല എന്നൊന്നും പറയുന്നില്ലെന്നും ഡോ. മജീദ് സ്വലാഹി വിശദീകരിച്ചു.
ഒരു സമ്മേളനത്തിന് സൗഹാർദ്ദ പ്രതിനിധികളായി ഒരുമിച്ചിരിക്കാൻ പോലും മനസ്സ് പാകപ്പെടാത്ത സമസ്തയിലെ ചില വ്യക്തികളുടെ പിടിവാശിയാണ് പാണക്കാട് കുടുംബാംഗങ്ങളെ വെട്ടിലാക്കുന്നത്. എന്നാൽ നാട്ടിലെയും പാർട്ടിയിലെയും എല്ലാ പ്രശ്‌നങ്ങളുടെയും അവസാന വാക്കായ പാണക്കാട് കുടുംബത്തിന് ഈ കോക്കസുകളെ അതിജയിക്കാനാകുന്നില്ല. സമസ്തയിലെ ഒറ്റപ്പെട്ട ചിലർ സമസ്തയിലെ സമുന്നതരായ ചില പണ്ഡതന്മാരുടെ മറപിടിച്ചാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. സമസ്തയിലും ഇവരുടെ നീക്കങ്ങളിൽ കടുത്ത പ്രതിഷേധവും അഭിപ്രായ വ്യത്യാസവുമുള്ളവരും ഉണ്ടെങ്കിലും സംഘടനാപരമായ ഭിന്നതയ്ക്ക് ഇടവരാതിരിക്കാൻ പരസ്യ പ്രതികരണത്തിന് തയ്യാറാവാതിരിക്കുകയാണ് പലരും.
കേരള നദ്‌വത്തുൽ മുജാഹിദീൻ നേതാവ് ഡോ. അബ്ദുൽ മജീദ് സ്വലാഹിയുടെ എഫ്.ബി കുറിപ്പിന്റെ പൂർണ രൂപം താഴെ:
കെ എൻ എം വിട്ടുനിന്നത് എന്തിന്?
ഇന്ന് കോഴിക്കോട് നടന്ന മുസ്ലിം കോഡിനേഷൻ മീറ്റിംഗിൽ കെ എൻ എം പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്തെ ഭീഷണിപ്പടുത്തി മുജാഹിദ് സമ്മേളനത്തിൽ നിന്നും അകറ്റുന്ന സാഹചര്യത്തിൽ ചില വിട്ടുനിൽക്കലുകൾ നമുക്കും ആകാമല്ലോ.
പാണക്കാട് തങ്ങന്മാരെ നമ്മൾ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. ഭീഷണി മുഴക്കി തങ്ങന്മാരെ തടയുന്ന സമസ്ത നേതൃത്വം വീണ്ടുവിചാരം നടത്തണം. പാണക്കാട് കുടുംബം രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളത് കൊണ്ടാണ് കെ എൻ എം ക്ഷണിക്കുന്നത്. സമസ്തയുടെ മഹല്ല് ഖാസിമാർ മാത്രമായിരുന്നെങ്കിൽ മുജാഹിദ് സമ്മേളനത്തിന് ക്ഷണിക്കുമായിരുന്നില്ല.
മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഉള്ളിൽ ആഗ്രഹമുള്ള പാണക്കാട് കുടുംബത്തെ തടഞ്ഞുവെച്ച് സമസ്ത എത്ര കാലം മുന്നോട്ടു പോകും? അവരെ ക്ഷണിക്കാൻ ചെല്ലുമ്പോൾ എന്തൊരു സന്തോഷത്തോടെയാണ് വരാമെന്നു പറയുന്നത്. ഇത്രയ്ക്ക് അസഹിഷ്ണുത കാണിക്കുന്ന സമസ്തയോടൊപ്പം ഇരുന്ന് എന്തിന് നേരം കളയണം.
(പൊതു കാര്യങ്ങൾക്ക് വേണ്ടി ഇനി കൂടെ ഇരിക്കൂല എന്നൊന്നും പറയുന്നില്ല). തങ്ങന്മാരെ ദയവായി നിങ്ങളുടെ തടവറയിൽ നിന്നും മോചിപ്പിക്കുക. അവർ സമുദായ നേതാക്കളാണ്. അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കട്ടെ. എന്തിനീ ബേജാർ. ആ നിലയ്ക്ക് അവർ ആദരവും അംഗീകാരം അർഹിക്കുന്നവരാണ്.
ഡോ. എഐ അബ്ദുൽ മജീദ് സ്വലാഹി