കോഴിക്കോട് - കോഴിക്കോട് നടന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനം പല നിലയ്ക്കാണ് വാർത്തകളിൽ ഇടം പിടിച്ചത്. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ ഒരുമിക്കുന്ന ഇടതുപക്ഷത്തെയും യു.ഡി.എഫിലെയും ചില നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളോടെ സമ്മേളനത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയർത്തുകയുണ്ടായി. അതിന് ഇരു കൂട്ടർക്കും കൈയടികളുമുണ്ടായി. അതിൽ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തിന് ലഭിച്ച പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണ്.
സംഘപരിവാർ രാഷ്ട്രീയത്തിന്റെ മർമത്തിൽ കുത്തി, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ഗോവ ഗവർണറുമായ അഡ്വ. പി.എസ് ശ്രീധരൻപിള്ളയുടെ പ്രസംഗത്തിനുള്ള മറുപടിയായിരുന്നു അത്. എന്നാൽ പിറ്റേദിവസം രാജ്യസഭാംഗവും മുതിർന്ന മാധ്യമപ്രവർത്തകനും സി.പി.എം നേതാവുമായ ജോൺ ബ്രിട്ടാസിനും നിറഞ്ഞ കൈയടി ലഭിച്ചു. പക്ഷേ, അപ്പോഴും ചില കല്ലുകടികൾ അതിലുണ്ടായിരുന്നുവെന്നാണ് വിമർശകരുടെ പക്ഷം.
അതിനിടെ, ഒരു മുസ്‌ലിം ലീഗ് നേതാവ് ബിനോയ് വിശ്വത്തിന്റെ ഉജ്ജ്വലമായ പ്രസംഗം ചൂണ്ടിക്കാട്ടി വ്യക്തിപരമായി ഈ ലേഖകനോട് പറഞ്ഞത് അതാണ് അവിടെ പറയേണ്ടതെന്നായിരുന്നു. ഒപ്പം ബിനോയ് വിശ്വത്തിന് മറുപടിയെന്നോണം ആ സ്‌റ്റേജിൽ ഒരു സ്വർണ മുതലാളി നടത്തിയ വാക്കുകൾ ആ സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നും അത് ബിനോയ് വിശ്വത്തെ പോലെ കൃത്യവും തെളിച്ചവുമുള്ള നിലപാട് പറയുന്നവരോടുള്ള അവഹേളനമായും ലീഗ് നേതാവ് അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റെ എന്നല്ല, ഏത് പുലിമടയിലും കയറി മതനിരപേക്ഷ-ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനുവേണ്ടി നിറഞ്ഞു ശബ്ദിക്കുന്നതാണ് ബിനോയ് വിശ്വത്തിന്റെ പോയകാല ഇടപെടലുകളെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ആ നിലയ്ക്ക് സ്വർണ വ്യാപാരിയുടെ അഭിപ്രായപ്രകടനവും മുജാഹിദ് നേതാവിന്റെ സംഘപരിവാർ ചാനലിലെ വിവാദ ഇന്റർവ്യൂവും വ്യാപക വിമർശമാണ് അണികളിലും എതിരാളികളിലും ഉയർത്തിയത്.
എന്തായാലും മുജാഹിദ് സമ്മേളനം കൊടിയിറങ്ങി. സംഘാടകർക്കും വിമർശകർക്കും ഗുണകാംക്ഷികൾക്കും പല നിലയ്ക്കായിരിക്കും അനുഭവങ്ങൾ. അതവർ പരിശോധിച്ച് പരിഗണിക്കേണ്ടതിനെ പരിഗണിച്ചും തിരുത്തേണ്ടതിനെ തിരുത്തിയും കൂടുതൽ തിളക്കമുള്ളതാക്കട്ടേ.
പറഞ്ഞുവന്നത്, രാജ്യസഭയിൽ മികച്ച നിലയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഇരു ഇടതു നേതാക്കളും സംഘപരിവാറിനെതിരെ സമ്മേളന വേദിയിൽ തൊടുത്ത അമ്പുകളിൽ ബിനോയ് വിശ്വത്തിന് ലഭിച്ച അത്ര സ്വീകാര്യത ജോൺ ബ്രിട്ടാസിന് കിട്ടിയില്ലെന്നാണ് ചിലരുടെ വിലയിരുത്തൽ. അതിന്റെ കാരണം പറയുന്നുണ്ട് പലരും. സമൂഹ മാധ്യമങ്ങളിലും അത് സംബന്ധിച്ച് കുറിപ്പുകളും വിമർശങ്ങളും ധാരാളമുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തെ ദീർഘകാലം കാലം നയിച്ച കെ.എൻ.എം മുൻ സംസ്ഥാന ജനറൽസെക്രട്ടറിയും പണ്ഡിതനുമായ യശ്ശശരീരനായ എ.പി അബ്ദുൽ ഖാദർ മൗലവിയുടെ മകനും അധ്യാപകനുമായ ആരിഫ് സെയ്ൻ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ:
എഫ്.ബി കുറിപ്പ്:
ബി.ജെ.പി. നേതാക്കൾ ആദ്യമായി പങ്കെടുക്കുന്ന മുസ്‌ലിം സംഘടന പരിപാടിയല്ല മുജാഹിദ് സമ്മേളനം. പി.എസ്. ശ്രീധരൻപിള്ളയെ പങ്കെടുപ്പിക്കാത്ത ഒരു മുഖ്യധാരാ മുസ്‌ലിം സംഘടനയും ഇല്ല. എന്നാൽ പാപം ചെയ്തവരെല്ലാം ഒറ്റ മുന്നണിയായി നിന്ന് നടത്തുന്ന കൂട്ടക്കല്ലേറിന്റെ ജുഗൽബന്ദിക്കാണ് വിചിത്ര കേരളം സാക്ഷ്യം വഹിക്കുന്നത്.
ശ്രീധരൻപിള്ള പ്രസംഗിച്ച വേദിയിൽ അദ്ദേഹം പറഞ്ഞ അസംബന്ധങ്ങൾക്ക് പിന്നീട് പ്രസംഗിച്ച ബിനോയ് വിശ്വം നൽകിയ വായടപ്പൻ മറുപടി തികഞ്ഞ സ്വാഭാവികതയാണ്. ബിനോയ്‌യെ അറിയുന്നവർക്ക് അതിൽ അത്ഭുതമില്ല. 1998 ലോ മറ്റോ കോഴിക്കോട് ടൗൺഹാളിൽ നടന്ന ഒരു പരിപാടിയിൽ ചരിത്രകാരൻ എം.ജി.എസ്. പ്രകടിപ്പിച്ച ഹിന്ദുത്വ അനുകൂല പരാമർശങ്ങൾക്ക് ബിനോയ് നൽകിയ പോയ്ന്റ് ബൈ പോയ്ന്റ് മറുപടി ഇപ്പോഴും കാതുകളിൽ അലക്കുന്നു.
ബിനോയ്‌യുടെ ഭൂതകാലം ഹിന്ദുത്വ വിഷയത്തിൽ ക്ലിയർ ആണ്, അതുകൊണ്ടാണ് ശ്രീധരൻപിള്ളക്കുള്ള അദ്ദേഹത്തിന്റെ വിമർശനം സർവ്വാത്മനാ സ്വാഗതം ചെയ്യപ്പെട്ടത്.
ബിനോയ് പരക്കെ നേടിയ അംഗീകാരം സോഷ്യൽ മീഡിയ വഴി അറിഞ്ഞ ജോൺ ബ്രിട്ടാസ് പക്ഷേ, ബിനോയ്‌യുടെ ഈ ക്ലീൻ ഭൂതകാലമുള്ള ആളല്ല. പച്ചക്ക് വർഗീയത പറഞ്ഞ് കേരള പൊതുമണ്ഡലത്തെ കലുഷമാക്കിയതിൽ പ്രധാന പങ്കുവഹിച്ച കെ.ജി. മാരാരുടെ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്ത വേദിയിൽ കൈ കൂപ്പി, താണുവണങ്ങി ഒടിഞ്ഞ് മടങ്ങി കുനിഞ്ഞ് തൂങ്ങി നിന്ന്, ഇന്ദ്രനൊക്കും ഭവാൻ ചന്ദ്രനൊക്കും ഭവാൻ എന്ന് മാരാരെ വാഴ്ത്തി അവിടെയും തത്തുല്യ അളവിൽ വാങ്ങിയ കൈയടി ഇപ്പോഴും അദ്ദേഹത്തിന്റെ കീശിയിലുണ്ടാകും.
ഇന്നലെ, തന്നെ കഷണിച്ച സമ്മേളന വേദിയിൽ നാടകം കളിച്ച് കയ്യടി വാങ്ങിയ ബ്രിട്ടാസിനോട് ഒരു ചെറിയ ചോദ്യം, ബി.ജെ.പി.യുമായി നേർക്കുനേരെയും മേശക്കടിയിലൂടെയും ബന്ധം പുലർത്തുന്ന കാന്തപുരം വിഭാഗം സുന്നികളുടെ യോഗത്തിൽ പോയി, നേതാക്കളെ തിരിഞ്ഞു നോക്കി ബ്രിട്ടാസ് ഇതേ രീതിയിൽ സംസാരിക്കുമോ?
അങ്ങനെ ബിനോയ് ഒറ്റക്ക് കൈയടി നേടേണ്ട, ഞാനും എടുത്തോളാം കുറച്ച് എന്ന പോരുന്നത് പോരട്ടെ എന്ന രാഷ്ട്രീയക്കാരന്റെ ഗിമിക് അല്ലേ ഇന്നലെ അദ്ദേഹം നടത്തിയത്?
ബി.ജെ.പി.ക്കാരെ ക്ഷണിച്ച നിങ്ങളെ ബി.ജെ.പി.ക്കാർ അവരുടെ പരിപാടിയിലേക്ക് ക്ഷണിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
തിരിച്ചു ചോദിക്കട്ടെ, സി.പി.എം. നേതാക്കളെ, അവർ ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും മുജാഹിദ് പരിപാടികളിലേക്ക് സ്ഥിരമായി ക്ഷണിക്കാറുണ്ട്. എപ്പോഴെങ്കിലും ഒരു മുജാഹിദ് പ്രതിനിധിയെ, അല്ലെങ്കിൽ മുസ്‌ലിം സംഘടന പ്രതിനിധിയെ സി.പി.എം. സമ്മേളനത്തിലേക്ക് ക്ഷണിക്കാറുണ്ടോ?
ഉത്തരം കിട്ടാനല്ല, ഇരട്ടത്താപ്പുകളുടെ ക്ലാസിക് മാതൃക ചൂണ്ടിക്കാണിക്കാനാണീ കുറിപ്പ്.
സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുകയാണ്. പിന്നെ കാണാം.