Sorry, you need to enable JavaScript to visit this website.

മുജാഹിദ് സമ്മേളനം ബഹിഷ്‌കരിച്ച് കെ.എം ഷാജി; കാരണം 'വിവാദ ചാനൽ' ഇന്റർവ്യൂ? മുസ്‌ലിം സംഘടനകളുടെ യോഗം നാളെ

കോഴിക്കോട് - നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിൽ കോഴിക്കോട് സ്വപ്‌ന നഗരിയിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീഴാൻ എണ്ണപ്പെട്ട മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സമ്മേളന നഗരിയിലേക്ക് വൻ ജനപ്രവാഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനസാഗരമാണ് സലഫി നഗറിലേക്ക് ഒഴുകിയെത്തിയത്.

 വൈകീട്ട് 4.30ന് ആരംഭിക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, വ്യവസായ പ്രമുഖൻ എം.എ യൂസഫലി, കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ അടക്കമുള്ള ഒട്ടേറെ നേതാക്കൾ സമാപന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിനികം പല കാരണങ്ങളാൽ ചർച്ചയായ സമ്മേളനത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിവിധ നേതാക്കളുടെയും വിവാദ വിഷയങ്ങളിലുള്ള സംഘടനയുടെ നിലപാടുകളും പൊതുസമ്മേളന വേദിയെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്.
 
 അതിനിടെ മുസ്‌ലിം ലീഗ് നേതാക്കളെല്ലാം സമ്മേളന നഗരിയിൽ വട്ടമിട്ട് പറക്കുമ്പോഴും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയും പാണക്കാട് കുടുംബാംഗങ്ങളും ഇതുവരെയും സമ്മേളനത്തിന് എത്തിയിട്ടില്ല. വിദേശത്താണെങ്കിലും സമസ്തയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള പാണക്കാട് കുടുംബാംഗങ്ങൾ സമ്മേളനം ബഹിഷ്‌കരിച്ചത്. എന്നാൽ മുജാഹിദ് സമ്മേളനങ്ങളിലെല്ലാം പങ്കെടുത്ത് പ്രവർത്തകർക്ക് ആവേശം പകരുന്ന ലീഗിലെ തീപൊരിയായ കെ.എം ഷാജിയുടെ വിട്ടുനിൽക്കലിൽ സംഘപരിവാർ ചാനലിൽ വന്ന ഇന്റർവ്യൂ വലിയ പങ്ക് വഹിച്ചതായാണ് മനസ്സിലാവുന്നത്.
 വിവാദ ഇന്റർവ്യൂ സംഘടനയുടെ നയമാണെന്നു കൂടി മുജാഹിദ് നേതൃത്വം പ്രഖ്യാപിച്ചതോടെ അത്തരമൊരു വേദിയിൽ പോയി അതിനെ വിമർശിക്കാതെ പോരുന്നത് മനസ്സാക്ഷിയോടുള്ള വഞ്ചനയാവുമെന്നാണ് കെ.എം ഷാജിയുടെ പക്ഷം. സംസ്ഥാനത്ത് തീവ്രവാദത്തിന്റെ വിഷബീജത്തെ തടുക്കുന്നതിൽ അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പാർട്ടിയും വിദ്യാർത്ഥി-യുവജന വിഭാഗങ്ങളും മറ്റും സ്വീകരിച്ച നയനിലപാടുകൾ ആർക്കും നിഷേധിക്കാനിവില്ലെന്നിരിക്കെ അതെല്ലാം മറന്ന് എല്ലാറ്റിന്റെയും ക്രെഡിറ്റ് സ്വന്തം സംഘടനയിലേക്ക് ചാർത്താനും സംഘപരിവാർ കുതന്ത്രങ്ങളെ തുറന്നുകാട്ടാൻ മുജാഹിദ് നേതാക്കൾക്കുണ്ടായ താൽപ്പര്യക്കുറവും വളരെ ഗൗരവമായാണ് ഷാജിയെ പോലുള്ളവർ നോക്കിക്കാണുന്നത്. 
 മുസ്‌ലിം കേരളത്തിന്റെ പരിഷ്‌കരണങ്ങൾക്കു മുന്നിൽ നടന്ന മഹത്തായ ഒരു സംഘടനയാണ് മുജാഹിദ് പ്രസ്ഥാനം. രാജ്യത്ത് തീവ്രവാദവും ഫാസിസവും തലപൊക്കിയപ്പോൾ അതിനെതിരെ സധീരം പോരാടിയ ഒരു പാരമ്പര്യമുള്ള പ്രസ്ഥാനത്തിന് ആർ.എസ്.എസിന്റെ ചാനലിൽ പോയി അവരെ സുഖിപ്പിക്കാൻ സാധിക്കുന്ന രീതിയിലേക്ക് തരംതാണത് വലിയ അപചയമാണ്. എന്നിട്ട് അതിനെ മൂടിപ്പുതപ്പിക്കാൻ തങ്ങളുടെ നയമാണെന്നു പ്രഖ്യാപിക്കുക വഴി വലിയ വീഴ്ചയുണ്ടായെന്നാണ് പൊതുവേയുള്ള വിമർശം. 
  സമ്മേളനത്തിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള സമാപന സമ്മേളനത്തിൽ പങ്കെടുത്ത് കാര്യങ്ങൾ തുറന്നുപറയണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ ബന്ധപ്പെട്ടെങ്കിലും വിളിക്കാത്ത സെഷനിൽ ഏന്തിക്കേറി പോകേണ്ട സാഹചര്യമില്ലെന്നും അത് മര്യാദയല്ലെന്നുമുള്ള നിലപാടിലാണ് ഷാജി. സമസ്തയിലെ അടക്കം ചില നേതാക്കളും ഷാജിയെ ബന്ധപ്പെട്ട് സമ്മേളനം ബഹിഷ്‌കരിക്കരുതെന്ന് പറഞ്ഞെങ്കിലും ഷാജി വഴങ്ങിയില്ലെന്നാണ് അറിയുന്നത്.

 മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് കുടുംബാംഗങ്ങൾ മുജാഹിദ് സമ്മേളനം ബഹിഷ്‌കരിച്ചതിനെതിരെയും ലീഗിൽ അമർഷമുള്ളവരുണ്ട്. സമസ്തയുടെ സമ്മർദ്ദത്തിന് വഴങ്ങുന്നതിലൂടെ തെറ്റായ സന്ദേശമാണ് ഇവർ നൽകുന്നതെന്ന് ലീഗിലെയും സമസ്തയിലെ തന്നെയും പല നേതാക്കൾക്കും അഭിപ്രായമുണ്ട്. ലീഗ് സമസ്തയുടെ പോഷക സംഘടനയല്ലെന്നും 
മുസ്‌ലിം സംഘടനകളുടെയെല്ലാം പൊതു പ്ലാറ്റ്‌ഫോമായി മാറാൻ ലീഗിന് സാധിക്കണമെന്നുമാണ് ഇവരുടെ നിലപാട്. വിവിധ മുജാഹിദ് ഗ്രൂപ്പുകളുടെയും കാന്തപുരം എ.പി വിഭാഗത്തിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും മറ്റും സമ്മേളനങ്ങളിൽ ലീഗ് നേതാക്കൾ പങ്കെടുക്കണമെങ്കിൽ സമസ്തയുടെ അനുമതി വേണമെന്നത് വളരെ അപക്വമായ നിലപാടാണെന്നും ഇത്തരം കുടുസ്സായ ചിന്തകളിലേക്ക്, തിരിച്ച് മറ്റു സംഘടനകളും പോയാൽ സാമുദായിക രാഷ്ട്രീയ പാർട്ടിയുടെ ഭാവി എന്താകുമെന്നും ഇവർ ചോദിക്കുന്നു. 'ഞങ്ങളെല്ലാം സമസ്തയെയും ലീഗിനെയും പൂർണമായും ഉൾക്കൊള്ളുന്നവരാണ്. സമസ്തയുടെ ആദർശം തന്നെയാണ് ഞങ്ങളുടെ വലത് കൈയിലുള്ളത്. പക്ഷേ, ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളായ പാണക്കാട് കുടുംബാംഗങ്ങൾക്ക് മറ്റു മതസംഘടനകളുടെ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ വിലക്കു കൽപ്പിക്കുന്നത് തീർത്തും തെറ്റായ നടപടിയാണ്. അത് തിരുത്താതെ പാർട്ടിക്ക് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ സാധ്യമല്ലെന്നും' ഇവർ പറയുന്നു.

 അതിനിടെ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ സാന്നിധ്യത്തിൽ വിവിധ മുസ്‌ലിം സംഘടനാ നേതാക്കളുടെ ഒരു യോഗം നാളെ കോഴിക്കോട് ചേരുന്നുണ്ട്. പതിവ് പോലെയുള്ള മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗമാണെങ്കിലും ഇവിടെ പുതിയ വിഷയങ്ങൾ ചർച്ചയാവുമോ എന്നത് പറയാനാവില്ലെന്നാണ് ഉന്നതനായ ഒരു ലീഗ് നേതാവ് പ്രതികരിച്ചത്. ലീഗിന് സമസ്ത ഇരുവിഭാഗത്തെയും മുജാഹിദ് വിഭാഗങ്ങൾ ഉൾപ്പെടെ ഒരു മതസംഘടനാ വിഭാഗത്തെയും അവഗണിക്കാനാവില്ലെന്നും അന്ധമായ സംഘടനാ പക്ഷപാതിത്വമില്ലാതെ നേരിന്റെ രാഷ്ട്രീയത്തിനൊപ്പം എല്ലാവരെയും അണിനിരത്താനും ഒപ്പം ബഹുമത സമൂഹത്തിന്റെ വികാരവിചാരങ്ങളെ നെഞ്ചോട് ചേർക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News