ക്വിഖിഹർ / ന്യൂദൽഹി - ചൈനയിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ അബ്ദുൽ ഷെയ്ഖാ(22)ണ് മരിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്ന അബ്ദുൽ ഷെയ്ഖ് ഇന്റേൺഷിപ്പ് പ്രോഗ്രാം ചെയ്യുന്നതിനിടെയാണ് മരണം.
ഈയിടെ ലീവിൽ നാട്ടിലെത്തിയ യുവാവ് ഡിസംബർ 11-നാണ് ചൈനയിലേക്ക് തിരിച്ചത്. ചൈനയിലെത്തി എട്ടു ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു.
ഹെയ്‌ലോങ്ജിയാംഗ് പ്രവിശ്യയിലെ ക്വിഖിഹർ മെഡിക്കൽ സർവകലാശാലയിലാണ് അബ്ദുൾ ഷെയ്ഖ് പ്രവർത്തിച്ചിരുന്നത്. ഇവിടുന്ന് പനി ബാധിച്ച് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് അപ്രതീക്ഷിത മരണമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് എംബസി വൃത്തങ്ങളിൽനിന്നുള്ള വിവരം.