- എല്ലാവരും നമ്മുടെ രക്ഷകരല്ല, നമുക്ക് നമ്മളെ ഉള്ളൂ. എല്ലാത്തിനും കൈയ്യടിക്കരുതെന്നും ലീഗ് നേതാവിന്റെ ഓർമപ്പെടുത്തൽ
കോഴിക്കോട് - മുജാഹിദ് സമ്മേളനത്തിൽ സംഘപരിവാർ നേതാക്കൾക്ക് വേദിയൊരുക്കിയതിന് മുജാഹിദ് നേതൃത്വത്തെ വിമർശിച്ച മുതിർന്ന മാധ്യമപ്രവർത്തകനും സി.പി.എമ്മിന്റെ രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസിനെതിരെ പഞ്ച് ഡയലോഗുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ ബഷീർ എം.എൽ.എ രംഗത്ത്. ബ്രിട്ടാസിന്റേത് പരിധിവിട്ട വിമർശമാണെന്നു ചൂണ്ടിക്കാട്ടിയ ലീഗ് നേതാവ് ബ്രിട്ടാസിനു നൽകിയ മുജാഹിദ് കൈയടിയേയും വിമർശിച്ചു.
എല്ലാവരും നമ്മുടെ രക്ഷകരല്ല, നമുക്ക് നമ്മളെ ഉള്ളൂ. എല്ലാത്തിനും കൈയ്യടിക്കരുതെന്നും പറഞ്ഞു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൽ ആശംസാപ്രസംഗം നടത്തുകയായിരുന്നു പി.കെ ബഷീർ.
'കാരന്തൂരൊക്കെ (സുന്നി മർകസിന്റെ പേര് പറയാതെയായിരുന്നു പരാമർശം) പോയിട്ട് ഇതുപോലെ നേതാക്കന്മാരോട് തിരിഞ്ഞുനിന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുമോ' എന്നായിരുന്നു പി.കെ ബഷീറിന്റെ ചോദ്യം. ഇപ്പോൾ എല്ലാവരും സമുദായത്തിന്റെ അട്ടിപ്പേറ് ഏറ്റെടുക്കുകയാണ്. സുപ്രീംകോടതി ശബാനുകേസിൽ വിധി പറഞ്ഞപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു? അന്നൊക്കെ മുസ്‌ലിം ലീഗെ ഉണ്ടായിരുന്നുള്ളൂ. മതമില്ലാത്ത ജീവൻ എന്ന പാഠപുസ്തകം ഉണ്ടാക്കി. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തായിരുന്നു. അത് തിരുത്താനും ഇവിടെ ആൾ ഉണ്ടായിരുന്നില്ല.
കമ്മ്യൂണിസ്റ്റുകാരുടെ സംവാദത്തിന് ഏതെങ്കിലും മുജാഹിദുകാരനെ വിളിച്ചിട്ടുണ്ടോ? ഇവിടെ സമ്മേളനത്തിന് ബി.ജെ.പിക്കാരെ കൊണ്ടുവന്നു. അവർ അവരുടെ അഭിപ്രായം പറഞ്ഞു. നമ്മൾ നമ്മളുടെ അഭിപ്രായത്തിൽ ഉറച്ചുനിന്നാൽ മതി. അധികാരത്തിലിരിക്കുമ്പോൾ ചിലരെയൊക്കെ വിളിക്കും. അതിലൊന്നും വലിയ കാര്യമല്ല. എല്ലാവരും നമ്മുടെ രക്ഷകരല്ല, നമുക്ക് നമ്മളെ ഉള്ളൂ. ഏത് വിഷയത്തിലും ഒറ്റക്കെട്ടായി നിൽക്കണം, ഭിന്നിക്കരുത്. വോട്ട് ഇങ്ങോട്ട് തന്നാൽ മതിയെന്നും തമാശ രൂപേണ പി.കെ ബഷീർ പറഞ്ഞു.
ആർ.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദ് നേതാക്കൾ വിചാരിക്കുന്നുണ്ടോ എന്നായിരുന്നു മുജാഹിദ് സമ്മേളനത്തിന്റെ രണ്ടാംദിനത്തിൽ ജോൺ ബ്രിട്ടാസ് എം.പി ചോദിച്ചത്.
'ആർ.എസ്.എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദ് നേതാക്കൾ വിചാരിക്കുന്നുണ്ടോ? ഉണ്ടോ, ഉണ്ടോ, ഉണ്ടോ? ഇല്ല. എന്താ, ഉറക്കെ പറയാൻ ഒരു മടി പോലെ, പറയണം. നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടണമെന്നൊന്നും ഞാൻ പറയില്ല. എന്നാൽ അവരെ ഉൾക്കൊള്ളാൻ നിങ്ങൾ കാണിക്കുന്ന താത്പര്യം, നിങ്ങളെ ഉൾക്കാൻ അവർ കാണിക്കുമോ എന്ന് നിങ്ങൾ അവരോട് ചോദിക്കണം. നിങ്ങൾ അവരെ ഉൾക്കൊള്ളുമ്പോൾ ചിന്തിക്കുക, ഇന്ത്യ ഭരിക്കുന്നവർ രാജ്യത്തെ പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാൻ തയ്യാറുണ്ടോ? തയ്യാറില്ലെങ്കിൽ അത് അവരുടെ മുഖത്തുനോക്കി ചോദിക്കാനുള്ള ആർജവവും തന്റേടവും നിങ്ങൾ സ്വായത്തമാക്കണം' എന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്. ഇതോടെ സമ്മേളന പന്തലിലുള്ളവർ കരഘോഷം മുഴക്കി. അപ്പോൾ ഞാൻ പറഞ്ഞത് നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ കയ്യടിക്കണമെന്ന് ബ്രിട്ടാസ് വീണ്ടും ആവശ്യപ്പെട്ടു. അപ്പോൾ വീണ്ടും നിറഞ്ഞ കൈയടിയുണ്ടായി. സദസ്സ് വീണ്ടും വീണ്ടും കൈയടിച്ചതോടെ നിങ്ങളുടെ അണികളാണ് കൈയടിച്ചത് എന്ന് നേതാക്കളെ നോക്കി പറയുകയുമുണ്ടായി ബ്രിട്ടാസ്. ഇതിനുള്ള മറുപടി എന്നോണമായിരുന്നു പി.കെ ബഷീർ എം.എൽ.എയുടെ പ്രസംഗം.