കേരളത്തിലുള്ള എല്ലാ മുസ്‌ലിം സംഘടനകളും സംഘപരിവാർ നേതാക്കൾക്ക് സമ്മേളനങ്ങളിലും സെമിനാറുകളിലുമായി വേദി കൊടുത്തിട്ടുണ്ട്. കൊടുക്കുകയും വേണം. അതിൽ തർക്കമില്ല. ഒരു ബഹുസ്വര സമൂഹത്തിൽ അത്തരം കൊടുക്കൽ വാങ്ങലുകളാണ് ചിന്താശേഷിയുള്ള ഒരു സമൂഹത്തെ മുന്നോട്ടുനയിക്കുക. പക്ഷേ, ആശയസംവാദങ്ങൾ ഉയരേണ്ടിടത്ത് സംഘപരിവാർ നേതാക്കൾക്ക് ബഹുമതി പത്രം സമർപ്പിക്കുംവിധം സംഘാടനങ്ങൾ വഴിമാറുന്നുവോ എന്ന് ബന്ധപ്പെട്ടവർ ആലോചിച്ചാൽ അവർക്കു നന്ന്.
കോഴിക്കോട്ട് നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനം അവസാനിക്കാൻ രണ്ടു നാൾ കൂടിയുണ്ട്. സമ്മേളനത്തിനു മുമ്പേ തന്നെ ഉയർന്ന ചോദ്യമാണ് ഇത്രമാത്രം സംഘപരിവാർ ആശയക്കാരേ എഴുന്നള്ളിക്കേണ്ട കാര്യമുണ്ടോ എന്ന്. ഇത് ചോദിക്കുന്നവരാകാട്ടെ മറ്റാരുമല്ല, മുമ്പൊക്കെ അവരെ മുക്കിന് മുക്കിന് വേദി കൊടുത്ത് കൊണ്ടുനടന്ന എല്ലാ കൂട്ടരുമുണ്ടതിൽ.
മുമ്പൊക്കെ മുജാഹിദ് സമ്മേളനത്തിൽ മുസ്‌ലിം ലീഗ് നേതാക്കളുടെ കുത്തൊഴുക്കായിരുന്നു. ഏത് സെഷൻ നോക്കിയാലും ഏത് ഗ്രൂപ്പിന്റേതായാലും ലീഗ് നേതാക്കളെ തട്ടി വീഴുന്ന സ്ഥിതിയായിരുന്നു. പേരിന് അവിടെയും ഇവിടെയുമൊക്കെയായി ബിനോയ് വിശ്വവും എളമരം കരീമും എൻ.കെ പ്രേമചന്ദ്രനെയും പോലുള്ള ഇടതു നേതാക്കളെയും പരിഗണിച്ച് ബാലൻസാക്കും. മുജാഹിദുകൾ പല ഗ്രൂപ്പായി പിരിഞ്ഞെങ്കിലും ഏറെക്കുറെ എല്ലാ ഗ്രൂപ്പും ഇപ്പോഴും ഇങ്ങനെയൊക്കെതന്നെയാണ്. എന്നാൽ ഇത്തവണത്തെ സമ്മേളനത്തിൽ ബി.ജെ.പിയുടെ സ്ഥിരം കഥാപാത്രത്തിനു പുറമെ മറ്റു സംഘപരിവാർ നേതാക്കളും ഇടം പിടിച്ചതോടെയാണ് വിമർശങ്ങൾ അകത്തും പുറത്തും കടുത്തത്. അതിന് പുറമെ പണ്ഡിതനായ ഒരു മുജാഹിദ് നേതാവിന്റെ ചാനൽ ഇന്റർവ്യൂകൂടി വന്നതോടെ വിമർശങ്ങളുടെ പൊടിപൂരമായി. അത് സംഘടനയുടെ നിലപാടെന്ന നേതൃത്വത്തിന്റെ ഏറ്റുപറച്ചിലോടെ വിവാദം കത്തി. 'നിങ്ങൾ അണികൾ ചെയ്യുന്ന തെറ്റുകളെല്ലാം നാളെ പടച്ചവന്റെ കോടതിയിൽ ഞങ്ങൾ നേതൃത്വം ഏറ്റെടുക്കുമെന്ന്' മുമ്പൊരിക്കൽ പറഞ്ഞ ഈ പണ്ഡിതൻ, യുവനേതാവ് സംഘപരിവാർ ചാനലിന് നൽകിയ അഭിമുഖത്തിൽ പന്തികേടൊന്നും കണ്ടതുമില്ല!! അതിനെ തിരുത്താൻ സംഘടനാ കൂടിയാലോചനാ സമിതിക്കുമായില്ല.
ഒരു സമ്മേളനത്തിൽ ആരെ വിളിക്കണമെന്നതും ആരെ വിളിക്കേണ്ട എന്നതുമെല്ലാം സംഘാടകരുടെ ഇഷ്ടം. തങ്ങൾ സംവാദ പ്രിയരായതിനാൽ ആശയപരമായി ഭിന്ന ധ്രുവങ്ങളിലുള്ളവർക്ക് ഇടം നൽകിയെന്നും ഇതാണ് ഞങ്ങളുടെ ഹൃദയ വിശാലതയെന്നുമൊക്കെ ചിലർ വ്യാഖ്യാനിക്കുന്നുമുണ്ട്. ആവട്ടേ, നല്ലത്. അധികാരരാഷ്ട്രീയത്തോടുള്ള ഈ ഹൃദയവിശാലത മറ്റു മതസംഘടനാ നേതൃത്വങ്ങളോടോ, ഗ്രൂപ്പുകളോടോ എന്തേ ഈ നേതൃത്വത്തിന് ഇല്ലാതെ പോകുന്നത്? സ്വന്തം അണികളോട് പോലും ഇവർക്കെന്നല്ല, ഇവിടെയുള്ള സകല മതസംഘടനാ ഗ്രൂപ്പുകൾക്കും ഇത്തരമൊരു സഹകരണത്തിന്റെ, ഗുണകാംക്ഷയുടെ അംശം ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണ്? (പാണക്കാട് കുടുംബാംഗങ്ങളെ വിലക്കാൻ നോമ്പെടുത്ത സമസ്തയിലെ ചില തലതൊട്ടപ്പൻമാരെ തൽകാലം മറക്കാം. പക്ഷേ, പാണക്കാട് തങ്ങന്മാർ എത്ര കാലം ഈ തടവറയിൽ പൊതുപ്രവർത്തനം നടത്തുമെന്നത് വേറെ കാര്യം.)
അന്ധമായ സംഘടനാ കക്ഷിത്വം കൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണ് ഓരോ സംഘടനകളും. പരസ്പരം കണ്ടാൽ പോലും സലാം പറയാനും പ്രത്യഭിവാദ്യം ചെയ്യാനുമെല്ലാം പ്രയാസമുള്ളവരും വായിൽ കൊള്ളാത്ത, വലിയ സഹിഷ്ണുതയും സ്‌നേഹവും മാനവികതയുമൊന്നും പറയാൻ തരിമ്പും ലജ്ജയില്ലാതായിരിക്കുന്നു! അത്രമാത്രം ഇരുണ്ട മനസ്സാണ് പലർക്കും. കാലം തെളിഞ്ഞുവരാൻ നമുക്ക് പ്രാർത്ഥിക്കാം.
പറഞ്ഞുവരുന്നത്, മുജാഹിദ് സമ്മേളനത്തിലെ സംഘപരിവാർ മയത്തെ കുറിച്ചാണ്. ഏറിയും കുറഞ്ഞും ഇക്കാലമത്രയും കേരളത്തിലുള്ള എല്ലാ മുസ്‌ലിം സംഘടനകളും സംഘപരിവാർ നേതാക്കൾക്ക് സമ്മേളനങ്ങളിലും സെമിനാറുകളിലുമായി വേദി കൊടുത്തിട്ടുണ്ട്. കൊടുക്കുകയും വേണം. അതിൽ തർക്കമില്ല. ഒരു ബഹുസ്വര സമൂഹത്തിൽ അത്തരം കൊടുക്കൽ വാങ്ങലുകളാണ് ചിന്താശേഷിയുള്ള ഒരു സമൂഹത്തെ മുന്നോട്ടുനയിക്കുക. പക്ഷേ, ആശയസംവാദങ്ങൾ ഉയരേണ്ടിടത്ത് സംഘപരിവാർ നേതാക്കൾക്ക് ബഹുമതി പത്രം സമർപ്പിക്കുംവിധം സംഘാടനങ്ങൾ വഴിമാറുന്നുവോ എന്ന് ബന്ധപ്പെട്ടവർ ആലോചിച്ചാൽ അവർക്കു നന്ന്. നിർഭയത്വം നൽകേണ്ട ഒരു മതത്തെ കുറിച്ച് പറയുമ്പോഴും അധികാരകേന്ദ്രങ്ങളെയും പണച്ചാക്കുകളെയും കാണുമ്പോൾ മുട്ടുവിറക്കുന്ന ഒരു നേതൃത്വമാണെങ്കിൽ അവർ ആ സംഘടനക്കു മാത്രമല്ല, സമൂഹത്തിനും വരാനിരിക്കുന്ന തലമുറക്കുതന്നെയും ബാധ്യതയാവില്ലെന്ന് ആരു കണ്ടു?!
നാലു ദിവസത്തെ സമ്മേളനം രണ്ടുദിവസം പൂർത്തിയായപ്പോഴേക്കും എല്ലായിടത്തും ചർച്ചയാവുന്നത് സി.പി.ഐ നേതാവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വം, ബി.ജെ.പി മുൻ കേരള അധ്യക്ഷനും ഗോവ ഗവർണറുമായ അഡ്വ. പി.എസ് ശ്രീധരൻ പിള്ളക്കു കൊടുത്ത കുറിക്കു കൊള്ളുന്ന മറുപടിയാണ്. പിന്നാലെ രണ്ടാമത്തെ ദിവസമായ ഇന്നലെ മുതിർന്ന മാധ്യമപ്രവർത്തകനും സി.പി.എമ്മിന്റെ രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസും നിയമ-വ്യവസായ മന്ത്രി പി രാജീവും തൊടുത്ത ചോദ്യങ്ങളും അന്തരീക്ഷം നിറയെ ഉണ്ട്. 'നിർഭയത്വമാണ് മതം' എന്ന് പ്രമേയമാക്കിയവർ പോലും ഭരണകൂടത്തെ ഭയക്കുന്നതിനെ, യൂത്ത് കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദും കാര്യമായിതന്നെ ഉപദേശിച്ചു.
ഇനി ഇന്നോ നാളെയോ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ സമ്മേളന സ്റ്റേജിലെത്തി ഇതിനെല്ലാം മറുപടി പറഞ്ഞുപോകും. അതിനിടയ്ക്ക് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയെ പോലുള്ളവരുടെ വെടിക്കെട്ടുകളും എങ്ങനെയാവുമെന്ന് പറയാവതല്ല. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമെത്തിയാൽ സംഭവം കുശാലാവും. ആ നിലയ്ക്ക് സഖാവ് പിണറായി വരുന്നുണ്ടോ എന്ന് കാത്തിരിക്കുകയാണ് പലരും. പ്രത്യേകിച്ചും പിണറായി വരേണ്ടത് സംഘാടകരേക്കാൾ ആവശ്യം ഇപ്പോൾ അവരുടെ എതിരാളികൾക്കാണ്. തങ്ങളുടെ വോട്ടു ബാങ്കാണെന്നറിഞ്ഞിട്ടും, മുടിവെള്ളത്തിനെതിരെ പ്രവാചകന്റേതെന്നല്ല, ആരുടേതായാലും ബോഡി വേസ്റ്റ്, ബോഡി വേസ്റ്റു തന്നെയാണെന്ന് പറയാൻ കാണിച്ച ആ ചുണ, ഇവിടെയും മുഖംനോക്കാതെ കാര്യങ്ങൾ പറയാൻ പിണറായിയെ നിർബന്ധിതനാക്കും എന്നാണവരുടെയെല്ലാം പ്രതീക്ഷ. ഇടതായാലും വലുതായാലും വിമർശങ്ങളിൽ രാഷ്ട്രീയക്കാർക്ക് അവരുടേതായ താത്പര്യങ്ങളും ലക്ഷ്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്. അതിൽ തിരിച്ചറിയേണ്ടതിനെ തിരിച്ചറിയാനും തിരുത്തേണ്ടതിനെ തിരുത്താനുമുള്ള വിവേകമാണ് പ്രബുദ്ധമായ ഒരു നേതൃത്വത്തിന് കൈമുതലായുണ്ടാവേണ്ടത്.
എന്തായാലും ജനസാഗരം ഒഴുകിയെത്തുന്ന സമ്മേളന നഗരിയിൽ മാത്രമല്ല, പുറത്തും സമ്മേളനത്തിലെ സംഘപരിവാർ മയം വാഗ്വാദങ്ങളായി അലയടിക്കുകയാണ്. അതിനാൽ സമ്മേളന കലാശക്കൊട്ട് പ്രാസംഗികർക്കും അണികളെ ജാഗരം കൊള്ളിക്കാൻ ഒന്നാന്തരം അവസരം ഒരുങ്ങിയിരിക്കുന്നു! സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ കൈരളിക്കു സംഭാവന ചെയ്ത വക്കം അബ്ദുൽ ഖാദർ മൗലവിയുടെയും, ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിൽ വീരേതിഹാസം പകർന്ന യശ്ശശരീരരായ കെ.പി.സി.സിയുടെ പ്രഥമ പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, നൂറ്റാണ്ടിന്റെ സാക്ഷി ഇ മൊയ്തു മൗലവിയെ പോലുള്ളവരുടെയുമെല്ലാം പരിലാളനയാൽ വളർന്ന മഹത്തായൊരു പരിഷ്‌കരണ പ്രസ്ഥാനം പോലും പട്ടാപകലും വെളിച്ചം തേടി അലയുന്ന ദയനീയ സ്ഥിതി! ഗ്രൂപ്പുകൾ പലതായാലും ഈ മഹത്തുക്കളുടെ പേരിനോടെങ്കിലും നീതി പുലർത്താൻ മുജാഹിദ് ഗ്രൂപ്പുകൾക്കാവട്ടെ എന്നാഗ്രഹിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തൂ...