വത്തിക്കാൻ സിറ്റി - ഇന്ന് കാലംചെയ്ത പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമന്റെ സംസ്‌കാരച്ചടങ്ങുകൾ ജനുവരി അഞ്ചിന് വ്യാഴാഴ്ച. മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ജനുവരി രണ്ട് തിങ്കളാഴ്ച മുതൽ പൊതുദർശനത്തിന് വെക്കുമെന്ന് സഭാധികൃതർ അറിയിച്ചു.
റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന സംസ്‌കാരച്ചടങ്ങിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നല്കുമെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ഇന്ന് പ്രാദേശികസമയം 9.34-നാണ് വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽ ബനഡിക്ട് പതിനാറാമൻ കാലംചെയ്തത്.
വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് തുടങ്ങി ലോകരാജ്യത്തെ വിവിധ രാഷ്ട്രനേതാക്കളും മതപണ്ഡിതരും അനുശോചിച്ചു. ബനഡിക്ട് പതിനാറാമന്റെ വിയോഗത്തിൽ മാർ ജോർജ് ആലഞ്ചേരിയും കർദിനാൾ മാർ ക്ലിമ്മിസ് കത്തോലിക്കാ ബാവയും അനുശോചിച്ചു.
സമൂഹത്തിന് നല്കിയ മഹത്തായ സേവനങ്ങളുടെ പേരിൽ അദ്ദേഹം ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ചരിത്രം സൃഷ്ടിച്ച പാപ്പയാണ് ഓർമയായതെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ലോകമാകെയുള്ള ക്രൈസ്തവസമൂഹം വേദനയുടെ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഭാരതസഭയുടെയും സിറോ മലബാർ സഭയുടെയും ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. സഭയെ ദിശാബോധത്തോടെ നയിച്ച മാർപാപ്പയാണ് പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് എന്ന് സിറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ക്ലിമ്മിസ് കത്തോലിക്കാ ബാവ അനുസ്മരിച്ചു.