ന്യൂദൽഹി - ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനുമായി പ്രത്യേക ആരോഗ്യ കേന്ദ്രം തുടങ്ങി. ദൽഹിയിലെ ജിബി റോഡിലുള്ള റെഡ് ലൈറ്റ് ഏരിയയിലാണ് ക്ലിനിക്.
ചെറിയ ക്ലിനിക്കുകളിലും ആശുപത്രികളിലും പോകുമ്പോഴും ഡോക്ടർമാരെ സന്ദർശിക്കുമ്പോഴും ചുറ്റുമുള്ളവരിൽ നിന്നുള്ള തുറിച്ചുനോട്ടങ്ങളിൽനിന്നും മറ്റും ആശ്വാസം ലഭിക്കാൻ പുതിയ ക്ലിനിക്കിലൂടെ കഴിയുമെന്ന് പേര് പറയാൻ ആഗ്രഹിക്കാത്ത മൂന്ന് ലൈംഗിക തൊഴിലാളികൾ പ്രതികരിച്ചു. ലൈംഗികവൃത്തിയാണ് ചെയ്യുന്നതെന്ന് അറിയുമ്പോൾ ഡോക്ടർമാർ പോലും ചില സാഹചര്യങ്ങളിൽ മോശമായി പെരുമാറാറുണ്ടെന്നും അവർ പറയുന്നു.
ക്ലിനിക്കിൽ ഏഴ് ഡോക്ടർമാരാണ് ഉണ്ടാവുക. പതിവ് പരിശോധനകൾക്കും ലൈംഗിക തൊഴിലാളികൾക്ക് ക്ലിനിക്കിനെ ആശ്രയിക്കാം. പുതുവത്സര ദിനത്തിൽ മേഖലയിലെ സേവാഭാരതി ഉൾപ്പെടെയുള്ള സർക്കാരിതര സംഘടനകളുടെ നേതൃത്വത്തിലാണ് ക്ലിനിക് തുടങ്ങിയത്.
പ്രദേശത്ത് ആയിരത്തോളം ലൈംഗിക തൊഴിലാളികൾ താമസിക്കുന്നുണ്ടെന്ന് സേവാഭാരതിയുടെ ജനറൽ സെക്രട്ടറി സുശീൽ ഗുപ്ത പറഞ്ഞു. ലൈംഗിക തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെ അവരുടെയും കുടുംബത്തിന്റെയും അന്തസ്സും ബഹുമാനവും നിലനിർത്തി മാതൃകാപരമായ ഒരു ആരോഗ്യജീവിതത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും ക്ലിനിക്ക് സാരഥികൾ വ്യക്തമാക്കി.