Sorry, you need to enable JavaScript to visit this website.

എൻ.എസ്.എസ് ക്യാമ്പിനിടെ പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂളിൽ മരിച്ച നിലയിൽ; പരാതിയുമായി കുടുംബം

കോട്ടയം - ക്രിസ്മസ് അവധിക്കാല എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി സന്ദീപ് (16) ആണ് മരിച്ചത്. മണർകാട് ഗവ. യു പി സ്‌കൂളിൽ വച്ചാണ് സംഭവം. 
 എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ സന്ദീപ് ഉൾപ്പെടെയുള്ള കുട്ടികൾ മണർകാടുള്ള അങ്കണവാടി പെയിന്റുചെയ്യാൻ പോയിരുന്നു. ഉച്ചയ്ക്ക് മൂന്നോടെ മടങ്ങിയെത്തി ക്ഷീണംതോന്നിയതിനാൽ സന്ദീപ് കിടന്നു. മറ്റ് കുട്ടികൾ ക്യാമ്പ് പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു. സമയം അഞ്ചരയായിട്ടും സന്ദീപ് വിളിച്ചിട്ട് ഉണരാതെ വന്നതോടെ അധ്യാപകർ വീട്ടുകാരെ വിവരമറിയിച്ചു. ആറരയ്ക്ക് അച്ഛൻ സന്തോഷ് സ്‌കൂളിലെത്തുമ്പോൾ തണുത്ത നിലയിലായിരുന്നു കുട്ടിയുടെ ശരീരം. അധ്യാപകരുടെ സഹായത്തോടെ കുട്ടിയെ മണർകാട് സെൻറ് മേരീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. സന്ദീപിനെ അധ്യാപകർ ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സന്ദീപ് അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങൾ സ്‌കൂൾ അധികൃതരെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. 
 ആശുപത്രിയിലെത്തിച്ചപ്പോൾ അരമണിക്കൂർ മുമ്പേ മരണം നടന്നെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. 
 മണർകാട് തിരുവഞ്ചൂർ പായിപ്രപ്പടി പാറയിൽ പുള്ളോത്ത് സാമന്തിന്റെയും (സന്തോഷ്) സിന്ധുവിന്റെയും മകനാണ്. മണർകാട് ഇൻഫൻറ് ജീസസ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥി സ്‌നേഹ സഹോദരിയാണ്.
 

Latest News