Sorry, you need to enable JavaScript to visit this website.

നട തള്ളുന്ന ജീവിതങ്ങളുടെ മിടിപ്പ്

സർഗാത്മകതയെ ആവിഷ്‌കരണ വൈഭവമെന്നു വിളിക്കാം. ആ വൈഭവം പ്രകടമാക്കാനും നിലനിർത്താനും ബോധപൂർവ്വമായ ശ്രമങ്ങൾ വേണ്ടത് തന്നെ.
ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റൊൻപത് ശതമാനം അധ്വാനവും ചേർന്നതാണ് പ്രതിഭ എന്നൊരു പറച്ചിൽ തന്നെയുണ്ടല്ലോ..!
സഹജാവബോധത്തിനുമപ്പുറം തനിക്ക് ചുറ്റുപാടുമുള്ള യാതൊന്നിൽ നിന്നായാലും പ്രചോദിക്കപ്പെട്ട്, സൃഷ്ടിക്ക് കാരണമാക്കുന്നതിൽ സബീനയുടെ  കവിതസമാഹാരമായ 'ഭൂമിയെ ചുമക്കുന്നവൾ' നീതി പുലർത്തിയിരിക്കുന്നുവെന്ന് നിസ്സംശയം പറയാം..
ആ ശീർഷകം തന്നെ വിവിധതരത്തിൽ പ്രാധാന്യം നേടുന്നു. ഈ കവിതസമാഹാരത്തിലൂടെ. പ്രിയപ്പെട്ട എഴുത്തുകാരി സബീന ഷാജഹാന്റെ എൺപത്തിരണ്ടോളം കവിതകൾ ഉൾപ്പെട്ടിരിക്കുന്നു ഈ പുസ്തകത്തിൽ..
അയത്‌നലളിതമായ പദവിന്യാസങ്ങളാൽ, ഉള്ള് തൊടുന്ന പ്രയോഗങ്ങളാൽ ജീവിതത്തിന്റെ ഓരോ തുടിപ്പുകളും വായിച്ചറിയുന്നു.
'ഓർമ്മകളുടെ മേലാപ്പ്  ചോർന്നു പോകുമ്പോൾ ഉള്ളം പൊള്ളിച്ചതൊക്കെ മിഴികളാൽ പെയ്‌തൊഴിയാതെങ്ങനെ?
സംവദിക്കേണ്ടിടങ്ങളിൽ എഴുതപ്പെട്ടായാലും മൗനമായെങ്കിലും അതുണ്ടാവുമല്ലോ..
കത്ത് 'എന്ന കവിതയിൽ ഇങ്ങനെ ലിഖിതപ്പെടുന്നു..
'ചോറിന് വേവും ചാറിന് പുളിയുമില്ലെന്ന് പിറുപിറുക്കുന്നുണ്ട്
പട്ടിണി തിന്ന് ഏമ്പക്കം വിട്ടൊരു വെള്ളിമുടി..! മനുഷ്യന്റെ ഏറ്റവും വലിയ വികാരം വിശപ്പും ദാഹവും തന്നെയാണ്.. അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ കള്ളനെന്നു മുദ്ര കുത്തി മർദിച്ചു കൊന്നതും, വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന നോവലിൽ ഴാങ്്് വാൽ ഴാങ്്് എന്ന കഥാപാത്രം തന്റെ സഹോദരിയുടെ കുഞ്ഞുമക്കളുടെ വിശപ്പ് മാറ്റാൻ വേണ്ടി റൊട്ടി മോഷ്ടിച്ചതിന് പിടിക്കപ്പെട്ടതും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നതും വ്യത്യസ്ത ധ്രുവങ്ങളിൽ നടന്നതാണെങ്കിലും അതിന് നിമിത്തമായത് വിശപ്പ് എന്ന വികാരം മാത്രമാണ്..'പരാതിയില്ലാത്ത ഭക്ഷണത്തിന്റെ ചേരുവ വിശപ്പാണെന്ന്' കുറിക്കപ്പെടുമ്പോൾ പ്രതിഫലിക്കുന്നത് ആ വികാരത്തിന്റെ പ്രാധാന്യം തന്നെയാണ്.
തട്ടുമ്പുറത്ത് ഉപേക്ഷിക്കപ്പെടുന്ന, ക്ലാവ് പിടിച്ച ഓജസ്സും തേജസ്സും നഷ്ടമായ പല സാധനങ്ങളുമുണ്ടാകും. നടതള്ളപ്പെട്ട സ്പന്ദനങ്ങൾ ഉറ്റവർക്കുവേണ്ടി അപ്പോഴുംപ്രാർത്ഥിക്കും. മന്ദിരങ്ങൾക്ക് മുൻപ് അനാഥമെന്നും, അഗതിയെന്നും, ആശ്രയമെന്നും മറ്റുമൊക്കെ ചേർക്കപ്പെടുന്നയിടങ്ങൾ കൂടുന്നതിൽ അത്ഭുതമില്ലല്ലോ.. വൃദ്ധസദനങ്ങൾ എന്ന കവിത മനസ്സുകളിൽ ചെറുചലനമെങ്കിലും സൃഷ്ടിക്കും.
ഭൂപടങ്ങൾ വെട്ടിപ്പൊളിക്കുകയും, കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുമ്പോൾ ജീവിതങ്ങളിൽ നിന്ന് ജീവിതങ്ങളിലേക്കു പലായനം ചെയ്യപ്പെടുന്ന, 'എല്ലാ യുദ്ധങ്ങളിലും തോൽപ്പിക്കപ്പെടുന്ന രാജ്യമാകുന്നുണ്ട് സ്ത്രീ '..
ചാവക്കാട് ബീച്ചിലെ ഹൈദ്രോസ്‌ക്ക, അന്നന്ന് അധ്വാനിച്ച് അന്നത്തെ  അന്നം തിരയുന്നവരുടെ പ്രതീകമാണ്.. പരിധിയില്ലാത്ത സ്വപ്നങ്ങളുംകൊണ്ട് ജീവിതവണ്ടി ഉന്തിക്കൊണ്ട് പോകുന്നവർ. അച്ഛനെന്ന പദത്തിന്റെ വിശാലത, സാന്നിധ്യം, സ്നേഹം, ആഴം, വാത്സല്യം, കരുതൽ, ഉറപ്പ്, ശാസന, നിറവ് ഒക്കെയും അച്ഛനെന്ന കവിതയിൽ മക്കൾതൻ ഊർജ്ജമായ് മാറുന്ന സൂര്യാംശമാണത് എന്ന് നിറയ്ക്കപ്പെടുന്നു. സ്ഥാനത്തുമസ്ഥാനത്തുമുള്ള
വാക്പ്രയോഗങ്ങളെ  കരുതണമെന്നോർമ്മിപ്പിക്കുന്നു വാക്കുകൾ എന്ന കവിതയിലൂടെ..
ചില നേർക്കാഴ്ചകൾ അവിശ്വസനീയമാംവിധം നമ്മളെനിഷ്‌ക്രിയമാക്കി കളയും ചിലപ്പോഴൊക്കെ.ആ ആ കാഴ്ചകൾക്ക് ഒരുപാട് വില നൽകേണ്ടിവന്നാലും.
കൈപ്പിടിയിൽ എത്ര തന്നെ ഒതുക്കിയാലും ഊർന്ന് പോകുന്ന ചില നേരങ്ങളുണ്ട്..'കാണാതാവുന്ന നേരങ്ങൾ' ..ഉയർന്നു പറക്കുമ്പോഴും ചിറകൊടിഞ്ഞു നിറങ്ങൾ നഷ്ടപ്പെട്ട ബാല്യ കൗമാര കുതൂഹലങ്ങൾ..
പ്രതിരൂപങ്ങൾ എന്ന കവിത മനുഷ്യരുടെ ഉള്ളിലെ പൊള്ളത്തരത്തെ തുറന്ന് കാട്ടുന്നു.. കലയും ശാസ്ത്രവും എത്രത്തോളം നമ്മുടെ സംസ്‌കാരത്തിൽ ജീർണ്ണിച്ചിരിക്കുന്നു എന്ന് മനസിലാക്കാം. ജാതിയുടെ മതത്തിന്റെയും വർണത്തിന്റെയും പേരിൽ നടത്തുന്ന തരംതിരിവുകൾ ഇല്ലാതിരിക്കുന്ന ചിലയിടങ്ങൾ തീർച്ചയായും ഉണ്ടാകും അവയവദാനത്തിന്റെ മഹിമ വെളിവാക്കുന്നു മനുഷ്യൻ എന്ന കവിതയിൽ..
'സങ്കടങ്ങളുടെ ചാകരക്കാലങ്ങളിൽ ഇഴയടുപ്പമുള്ള ആശ്വാസത്തിന്റെ വലയെറിഞ്ഞു നോവുകളെ പകുക്കുന്നവരെ'  പ്രിയപ്പെട്ടവർ എന്ന് തന്നെയാവുമല്ലേ നമ്മൾ വിളിക്കുക.. ഒരു ജീവിതം കൊണ്ട് പ്രപഞ്ചത്തെ പരിചരിക്കുന്നവർ..
 ഈ ജീവിതയാത്രയിൽ അമ്മയെന്നത് പല ഭാവങ്ങളിൽ പ്രകൃതങ്ങളിൽ ഈ കവിതകളിലൂടെ കടന്നുപോകുന്നുണ്ട് ' അരിക്കലത്തിൽ ഒളിപ്പിച്ച കൂട്ടിവയ്ക്കലുകളെ പട്ടു കുപ്പായത്തിന്റെ പുതുമണമാക്കിയും സ്‌നേഹ പാഥേയം ഒരുക്കി തരുന്നവർ'..!
എങ്ങനെയാണൊരുവളിൽ
ലോകം വിലയപ്പെടുന്നത്?
വീണു പോയേക്കാവുന്ന ആകാശം മുഴുവൻ കണ്ണുകളിൽ പേറിയ,
'ഭൂമിയെ ചുമക്കുന്നവളെ' നിങ്ങളുടെ നിത്യജീവിതത്തിൽ
ഏതെല്ലാം തരത്തിലാണ് പരിചിതമായിക്കൊണ്ടിരിക്കുന്നത്!
മാറിവരുന്ന ഋതുക്കളെ പ്രകൃതി എങ്ങനെയൊക്കെയാണ് വരവേൽക്കുന്നത് എന്ന് മനോഹരമാക്കിയിട്ടുണ്ട് പല കവിതകളിലും.
'ഇത്രയും പെയ്യാൻ മിഴികളിലിത്രമേൽ മഴവിത്ത് നട്ടത് ആരാണ് പെണ്ണേ,
ഇമകളിലീറന്റെ നനവുതിർത്തീ മുഖം തേവി നനച്ചത് നീയാണോ പെണ്ണേ?' എന്ന് വായിക്കുമ്പോൾ ഉള്ളിൽ നിറയും പുഞ്ചിരി. കാൽപനിക വർണങ്ങളെക്കാൾ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ മിഴികൾക്കൊപ്പം മനസ്സും നിറയും..
അകത്തേക്കെടുത്ത ശ്വാസം  ഉള്ളിലൊടങ്ങും മുമ്പ് നന്മ ചോരാത്ത മനുഷ്യനാകണമെന്ന് ഒരുമാത്രയെങ്കിലും ചിന്തിക്കും..
ഉൾക്കാമ്പുള്ള കുറച്ച് ഹൈക്കു കവിതകളും ഈ സമാഹാരത്തിലുണ്ട്.. പ്രണയത്തിന്റെ പുതു ഭാവങ്ങൾ ചന്തമോടെ നിറയ്ക്കുന്ന പ്രണയഗാനങ്ങളും, ആകാശവാണി എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ രണ്ട് ഗാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കവിതകൾ വായനക്കാരിലേക്ക് സംവദിക്കുമ്പോൾ, വായനാനുഭവം അത്രമേൽ ഉള്ളിൽ നിറയും.. ഈ കവിതകളിൽ നിന്നും കുറച്ചു കവിതകളെ മാത്രമേ പരാമർശിച്ചിട്ടുള്ളൂ.സമഗ്രമായ അവലോകനം അർഹിക്കുന്ന ഒട്ടേറെ കവിതകൾ ഇതിലുണ്ട്. ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെയൊരു വായനാനുഭവം സമ്മാനിച്ചതിൽ. ഇനിയുമേറെ എഴുതാനും വായിക്കപ്പെടാനും കഴിയട്ടെ എന്നാത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. 

ഭൂമിയെ ചുമക്കുന്നവൾ ( കവിതകൾ)
സബീന ഷാജഹാൻ
ഹരിതം ബുക്‌സ്

Latest News