കോഴിക്കോട് - വ്യത്യസ്ത മത വിഭാഗക്കാര്‍ ഒന്നിച്ച് ജീവിക്കുന്ന ഇന്ത്യയില്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും കാത്ത് സൂക്ഷിക്കാന്‍ എല്ലാ മത വിഭാഗങ്ങളും സന്നദ്ധമാകണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈജ്ഞാനിക സമ്മേളനം ആവശ്യപ്പെട്ടു. മതങ്ങളുടെ പേരില്‍ കലഹിച്ച് എല്ലാ പുരോഗതിയെയും നശിപ്പിക്കാന്‍ ഇടവരരുത്. സ്വന്തം മതമാണ് ശരിയെന്ന് വിശ്വസിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും അങ്ങനെ വിശ്വസിക്കാന്‍ അവകാശമുണ്ടെന്ന് മനസ്സിലാക്കണമെന്നും സമ്മേളനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
രാജ്യത്തെ വൈവിധ്യങ്ങള്‍ക്കും അടിസ്ഥാന വര്‍ഗത്തിന്റെ നിലനില്‍പിനും ഭീഷണിയാകുന്ന നിലക്കുള്ള തലതിരിഞ്ഞ വികസന കാഴ്ചപ്പാടില്‍ നിന്നും ഭരണകൂടം പിന്‍മാറണം. ഓരോ വികസന പദ്ധതികളും എങ്ങനെ സമൂഹത്തിന് ഉപകാരപ്പെടുന്നുവെന്ന് സൂക്ഷ്മമായി പഠിക്കണം. അതോടൊപ്പം നാടിന്റെ വികസനം ഉറപ്പ് വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വൈജ്ഞാനിക സമ്മേളനത്തില്‍ പി പി ഉണ്ണീന്‍കുട്ടി മൗലവി അധ്യക്ഷത വഹിച്ചു.എം കെ രാഘവന്‍ എംപി, പികെ അബ്ദുറബ്ബ്, പ്രൊഫ.ആബിദ്ഹുസൈന്‍ തങ്ങള്‍, പി വി അന്‍വര്‍, പി.മുഹമ്മദ് കുട്ടശ്ശേരി, എന്‍ പി അബ്ദുല്‍ഗഫൂര്‍ ഫാറൂഖി, എന്‍.വി സക്കറിയ, അബ്ദുറഊഫ് മദനി, ഹദിയത്തുല്ല സലഫി, ഡോ.ബഷീര്‍ മാഞ്ചേരി പങ്കെടുത്തു.