കോഴിക്കോട്- രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ് എം.എല്‍.എമാര്‍ മുജാഹിദ് സമ്മേളന വേദിയില്‍.
ശനിയാഴ്ച നടന്ന രണ്ട് സെഷനുകളില്‍ സംസാരിച്ച കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖും യൂത്ത് ലീഗ് സീനിയര്‍ വൈ.പ്രസിഡന്റ് നജീബ് കാന്തപുരവുമാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. ഇതില്‍ ടി. സിദ്ദീഖ് ബ്രിട്ടാസിനെ പേരെടുത്ത് വിമര്‍ശിച്ചപ്പോള്‍ , നജീബ് കാന്തപുരം പരോക്ഷമായാണ് വിമര്‍ശനമുന്നയിച്ചത്.
കഴിഞ്ഞ ദിവസം എന്റെ സ്‌നേഹിതന്‍ ജോണ്‍ ബ്രിട്ടാസ് ഇവിടെ വന്ന് മുജാഹിദ് നേതൃത്വത്തെ ആക്രമിച്ചു സംസാരിച്ചുവെന്ന് കേട്ടു. എന്നാല്‍ അങ്ങനെയെങ്കില്‍ ബഹുമാനപ്പെട്ട ബ്രിട്ടാസ് നേതൃത്വം നല്‍കിയ കൈരളി ചാനലിലെ നൂറു കണക്കിന് ചര്‍ച്ചകള്‍ ആയിരിക്കും ഒരു പക്ഷേ സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുണ്ടാക്കിയിരിക്കുക. അങ്ങനെ നൂറു കണക്കിന് സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കിയ അദ്ദേഹം ഇക്കിളിപ്പെടുത്തുന്ന പ്രസംഗം നടത്തി കൈയ്യടി നേടുകയെന്നതിലേക്ക് ചുരുങ്ങുകയല്ല വേണ്ടതെന്ന് ടി. സിദ്ദീഖ് പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഫാഷിസത്തിന് വേരോട്ടമുണ്ടാക്കുവാന്‍ തക്ക പുസ്തകങ്ങള്‍ പഠനഗ്രന്ഥമാക്കിയതാരാണ് എന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണെന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് എതിരേറ്റത്.
വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും ഒരാളെ പോലും നല്‍കാത്ത പ്രസ്ഥാനമാണെന്ന് മുജാഹിദ് എന്നതു കൂടി ഇത്തരം ആളുകള്‍ മറന്നു പോകരുതെന്നും സിദ്ദീഖ് പറഞ്ഞു.
ഈ സമുദായത്തിനും പ്രസ്ഥാനത്തിനുമൊന്നും രാഷ്ട്രീയം പഠിപ്പിക്കുവാന്‍ പുതിയ ഉസ്താദുമാര്‍ വേണ്ടെന്നും അതിന് പ്രാപ്തിയുള്ള പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്നും നജീബ് കാന്തപുരം ബ്രിട്ടാസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു.
തുടര്‍ന്ന് നടന്ന യുവജന ജാഗ്രതാ സമ്മേളനത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് , കഴിഞ്ഞ ദിവസം ഇവിടെ വന്ന് പണ്ഡിതന്മാരോട് പരിഹാസത്തോടു കൂടി സംസാരിച്ച ബ്രിട്ടാസ് 2021ല്‍ ആര്‍.എസ്.എസ് വേദിയില്‍ പങ്കെടുത്ത് സംസാരിച്ചതെന്തെന്ന് എല്ലാവര്‍ക്കും ഇപ്പോഴും യൂട്യൂബില്‍ അടക്കം ലഭ്യമാണെന്ന് പറഞ്ഞു. അത്തരമാളുകള്‍ ഫാഷിസ്റ്റ് വിരുദ്ധ ചാമ്പ്യന്‍ പട്ടം സ്വയമെടുത്തണിഞ്ഞാല്‍ അതവര്‍ക്ക് ചേരില്ലെന്നു മാത്രം പറയുകയാണെന്നും ഇവര്‍ സ്വയം എടുക്കുന്ന നിലപാടുകള്‍ എത്രത്തോളം ഇതിനോട് പൊരുത്തപ്പെടുന്നതാണെന്ന് ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംസാരിച്ച എന്‍.എസ്. യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭിജിത്തും ബ്രിട്ടാസിന്റെ പ്രസംഗത്തെ വിമര്‍ശിച്ചു.
ആട്ടിന്‍ തോലണിഞ്ഞ കുറുനരികള്‍ എന്ത് വന്ന് പറഞ്ഞാലും തിരിച്ചറിയുവാന്‍ തക്ക പ്രാപ്തിയുള്ളവരാണ് മുജാഹിദുകള്‍ എന്ന് കൈയ്യടിക്കുവേണ്ടി പ്രസംഗം നടത്തുന്നവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഫാഷിസ്റ്റ് പോരാട്ടത്തെപ്പറ്റി പഠിപ്പിക്കുവാന്‍ വരുന്നവര്‍ ആദ്യം സി. എ. എ. എന്‍. ആര്‍.സി പ്രക്ഷോഭത്തിന്റെ പേരില്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുവാന്‍ ഉപദേശിക്കുകയാണ് ചെയ്യേണ്ടതെന്നും ഉപദേശിച്ചു.
തുടര്‍ന്ന് സംസാരിച്ച ഐ.എസ്.എം സംസ്ഥാന പ്രസിഡന്റും ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗത്തെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിച്ച് മുജാഹിദ് സംഘടനയുടെ അനുകാലിക നിലപാടുകളെക്കുറിച്ച് സംസാരിച്ചു.
ശ്രീധരന്‍ പിള്ളയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതില്‍ നേതൃത്വത്തെ പരിഹസിച്ചുകൊണ്ട് വെള്ളിയാഴ്ച സമ്മേളനത്തിനെത്തിയ ജോണ്‍ ബ്രിട്ടാസ് സംസാരിച്ചിരുന്നു.