ബേലൂർ (കർണാടക) - അസഹിഷ്ണുതയുടെയും മതവൈരങ്ങളുടെയും വിഷചിന്തകൾ പ്രചരിപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. പിറന്ന മണ്ണിൽ വിശ്വാസത്തിന്റെയും മതത്തിന്റെയും പേരിൽ പൗരത്വം തന്നെ നിഷേധിക്കാനുള്ള ഭരണകൂട നടപടി ഒരുഭാഗത്ത്. അതിനിടയിൽ ജാതിയും മതവും അന്ധമായ രാഷ്ട്രീയവും കളിച്ച് സമൂഹത്തിൽ ഛിദ്രതയും അസ്പൃശ്യതയും വളർത്താൻ ബാധപൂർവശ്രമങ്ങൾ വേറെയും നടക്കുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുമെല്ലാം ഇത്തരം ഹിഡൻ അജണ്ടകൾ വേവിച്ചെടുക്കുന്നവർ സമൂഹത്തിലുണ്ട്. എന്നാൽ അതിനിടയിലും ഏറെ കൗതുകവും സന്തോഷവും പകരുന്ന ഒരു വാർത്തയാണ് കർണാടകയിലെ ഒരു ക്ഷേത്രത്തിൽനിന്ന് ലഭിക്കുന്നത്.
ഒരു ആരാധനാലയത്തിലെ ആഘോഷ പരിപാടിയുടെ തുടക്കം മറ്റൊരു മതവിശ്വാസികളുടെ പുണ്യഗ്രന്ഥം വായിച്ചാവുക. എന്തൊരു സന്ദേശമാണത് നൽകുന്നത്.
കർണ്ണാടകയിലെ ഹസ്സൻ ജില്ലയിലെ ബേലൂരിലെ ചെന്നകേശവ ക്ഷേത്രം എന്ന് അറിയപ്പെടുന്ന കേശവ വിജയനാരായണ ക്ഷേത്രത്തിലാണ് സംഭവം. ഇവിടുത്തെ ക്ഷേത്രോത്സവം നടക്കുന്നത് എല്ലാ വർഷവും ഖുർആൻ പാരായണത്തോടെയാണ്. അന്ത്യപ്രവാചകൻ മുഹമ്മദ് നബിക്ക് അവതരിച്ച് ലോകസമൂഹത്തിന് മാർഗദർശനമായുളള വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതോടെ വാർഷികോത്സവത്തിന്റെ ഭാഗമായ രഥോത്സവത്തിന് തുടക്കമാവും. ഒരു ഖുർആൻ പണ്ഡിതൻ / മൗലവി / മുസ്‌ലിയാർ ഖുർആനിലെ തിരഞ്ഞെടുത്ത ഏതാനും സൂക്തങ്ങൾ പാരായണം ചെയ്യും. ആയിരണക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലാവും ഖുർആൻ പാരായണം. സാമുദായിക സൗഹാർദ്ദത്തിന്റെ എറ്റവും മനോഹര മാതൃകയായ ഈ ചടങ്ങിന് മാത്രമായി ധാരാളം പേർ ഇവിടെ എത്തുന്നതും പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഉത്സവ സീസണിലും മറ്റും മുസ്‌ലിം കടകൾ അടപ്പിച്ചും കൊള്ളയടിച്ചും ചിലർ കാട്ടിക്കൂട്ടുന്ന ആക്രമണങ്ങൾക്കിടയിലും പതിറ്റാണ്ടുകളായി സഹവർത്തിത്വത്തിന്റെ ഈ ഉദാത്ത മാതൃക തുടരുകയാണ് ഇവിടത്തുകാർ.
ഏപ്രിൽ മാസത്തിലാണ് പൊതുവെ ക്ഷേത്രത്തിലെ ഉത്സവങ്ങൾ നടക്കാറുള്ളത്. ബേലൂരിലെ യഗാച്ചി നദിയുടെ തീരത്ത് ഹൊയ്‌സാല സാമ്രാജ്യത്തിലെ ഭരണാധികാരികളുടെ നേതൃത്വത്തിൽ 12-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്ര സമുച്ചയം പണികഴിപ്പിച്ചത്. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇന്ന് ബേലൂര് എന്നറിയപ്പെടുന്ന വേലാപുരി. വിഷ്ണുവർദ്ധനന്റെ ഭരണകാലത്താണ് ക്ഷേത്രസമുച്ചയത്തിലെ പ്രധാന ഭാഗം പണിതത്. ഏകദേശം 103 വർഷമെടുത്ത് ഹൊയ്‌സാല സാമ്രാജ്യത്തിലെ മൂന്ന് തലമുറകളുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ പണി പൂർത്തീകരിച്ചത്.
മഹാവിഷ്ണുവിന് പ്രാധാന്യം നല്കിയുള്ള ഈ ക്ഷേത്രം, മധ്യകാലം തൊട്ടേ വൈഷ്ണവ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് വിശ്വാസികൾ പറയുന്നു. വിവിധ കാലങ്ങളിലായി നടന്ന യുദ്ധത്തിലും കൊള്ളയിലുമായി നിരവധി തവണ ക്ഷേത്രത്തിനു നാശമുണ്ടായെങ്കിലും അതാത് കാലത്തെ ഭരണാധികാരികൾ ഈ ക്ഷേത്രം പുനർനിർമിച്ച് വിശ്വാസികളുടെ ആരാധനകൾക്ക് തടസ്സമില്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. മൈസൂർ രാജാക്കന്മാർ സമ്മാനിച്ച സ്വർണ, വജ്ര, രത്‌ന ആഭരണങ്ങൾ അലങ്കരിച്ചതാണ് ചെന്ന കേശവ വിഗ്രഹം. ശില്പങ്ങൾ, തൂണുകളിലെ കൊത്തുപണികൾ, പ്രതീകാത്മക ചിത്രങ്ങൾ, ലിഖിതങ്ങൾ തുടങ്ങിയവയാലും ചരിത്രപരമായി ഈ ക്ഷേത്രം ശ്രദ്ധേയമാണ്. യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം ലഭിക്കാനുള്ള ഉത്സാഹത്തിലാണ് ക്ഷേത്രക്കമ്മിറ്റി സാരഥികൾ.