കോഴിക്കോട് - സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ സഹകരിക്കുമെന്ന മുസ്‌ലിം ലീഗ് ദേശീയ നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് സി.പി.എം നേതൃത്വം. ഈമാസം 11ന് കോഴിക്കോട്ട് നടക്കുന്ന സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിക്കുമെന്ന് പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു.
മുന്നണിയിൽ ലീഗിന് പ്രയാസം ഉണ്ടാകേണ്ടെന്ന് കരുതിയാണ് ആദ്യം വിളിക്കാതിരുന്നത്. ഇപ്പോൾ അവർ തന്നെ പോസിറ്റീവ് ആയി പ്രതികരിച്ച സാഹചര്യത്തിൽ ലീഗിനെ ക്ഷണിക്കും. ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ചു നിൽക്കേണ്ട വിഷയമായാണ് സി.പി.എം ഫലസ്തീൻ വിഷയത്തെ കാണുന്നത്.
Read More
ലീഗ് നേതൃത്വത്തിന്റെ പരസ്യമായ പ്രതികരണത്തെ നല്ല മനസോടെ സ്വാഗതം ചെയ്യുന്നു. ഏക സിവിൽകോഡ് വിഷയത്തിൽ ക്ഷണിച്ചപ്പോൾ അവരുടെ പ്രയാസം അവർ അറിയിച്ചു. മുന്നണിയിൽ നിൽക്കുമ്പോൾ വരാൻ പ്രയാസമുണ്ടെന്നാണ് പറഞ്ഞത്. പ്രയാസമുണ്ടാക്കേണ്ടെന്ന് കരുതിയാണ് പരസ്യമായ ഒരു പ്രതികരണത്തിന് പോകാതിരുന്നത്. ഇപ്പോൾ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയ സ്ഥിതിക്ക് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കും പൊതുസമ്മേളനത്തിലേക്കും ലീഗിനെ ക്ഷണിക്കും. ശശി തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ടുവന്നത് ശരിയാണോ എന്ന് ലീഗ് തന്നെ പറയട്ടെ. കോൺഗ്രസിനെ കൂട്ടുപിടിച്ച് ഇസ്രായേൽ അനുകൂല പ്രസംഗം കേൾക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
സി.പി.എമ്മിന്റെ ഫലസ്തീൻ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് ഉറപ്പായും പങ്കെടുക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏകസിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി. അല്ലെങ്കിൽ അവിടെ ഒരു ഇസ്‌ലാമോഫോബിയ സാഹചര്യം ഉണ്ടായേനെ. ജാതി സെൻസസിൽ കോൺഗ്രസിന്റെ നിലപാടിനോടൊപ്പമാണ് ലീഗെന്നും ഇ.ടി ചോദ്യങ്ങളോടായി പ്രതികരിച്ചു.