തിരുവനന്തപുരം - സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ.
ഇ.ടിയുടെ പ്രതികരണം അറിയില്ലെന്നും ലീഗിന് അത്തരമൊരു താൽപര്യമുണ്ടോ എന്നറിയില്ലെന്നും പഠിച്ചശേഷം പറയാമെന്നുമായിരുന്നു സുധാകരന്റെ മറുപടി. സി.പി.എം പരിപാടിയിൽ പങ്കെടുക്കേണ്ട എന്നത് യു.ഡി.എഫ് തീരുമാനമാണ്. ആ തീരുമാനം അവിടെ തന്നെയുണ്ടെന്നും എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ഇതുവരെയും ക്ഷണിച്ചതായി അറിയില്ലെന്നും ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നും ലീഗ് ദേശീയ നേതാവായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഇന്ന് പ്രതികരിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും സി.പി.എമ്മിന്റെ ഏകസിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി.
ഇതോടെ ഇ.ടിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തും ലീഗിന് ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്നു കരുതിയാണ് ഇത്തവണ അവരെ ക്ഷണിക്കാതിരുന്നതെന്നും പുതിയ സാഹചര്യത്തിൽ ലീഗിനെ റാലിയിലേക്കും പൊതുസമ്മേളനത്തിലേക്കും ക്ഷണിക്കുമെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 11ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സി.പി.എം നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ക്ഷണിച്ചതായാണ് വിവരം. എന്നാൽ, കോൺഗ്രസിനെ ക്ഷണിക്കാൻ തയ്യാറല്ലെന്നാണ് സി.പി.എം നിലപാട്.