- ലൈസൻസുണ്ടോ എന്നല്ല ലഹരിയുണ്ടോ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി; കളളമെന്ന് പോലീസ് ഉദ്യോഗസ്ഥർ
കൊച്ചി - കൈ കാണിച്ചിട്ടും കാർ നിർത്താത്തതിനെ തുടർന്ന് 17-കാരനായ വിദ്യാർത്ഥിയെ പോലീസുകാർ ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. കോട്ടയം ജില്ലയിലെ പാലാ സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കെതിരെ പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപനാണ് പരാതി നൽകിയത്. പോലീസ് മർദ്ദനത്തിൽ മകന് നട്ടെല്ലിന് പരിക്കേറ്റതായി കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
Read More
വിദ്യാർത്ഥിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെരുമ്പാവൂരിലെ വീട്ടിൽ നിന്ന് രാവിലെ സുഹൃത്തിനെ വിളിക്കാൻ കാറുമായി പോയതായിരുന്നു വിദ്യാർത്ഥി. പാലാ ജംഗ്ഷനിൽ എത്തിയപ്പോൾ പോലീസ് കൈ കാണിച്ചുവെങ്കിലും താനത് കണ്ടില്ലെന്നാണ് വിദ്യാർത്ഥി പറയുന്നത്. തുടർന്ന് പോലീസ് തന്റെ കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പുറത്തിറക്കിയ ഉടനെ തന്നോട് ലൈസൻസ് ഉണ്ടോയെന്നല്ല ലഹരിമരുന്ന് കൈവശം ഉണ്ടോയെന്നാണ് ചോദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇല്ലായെന്ന് പറഞ്ഞപ്പോൾ വണ്ടിയിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി സി.സി.ടി.വിയില്ലാത്ത സ്ഥലത്തുവച്ച് ക്രൂരമായി മർദ്ദിച്ചതായും വിദ്യാർത്ഥി പറഞ്ഞു. എന്നാൽ, വിദ്യാർത്ഥി പറയുന്നത് കള്ളമാണെന്നാണ് പോലീസ് വാദം. ലൈസൻസ് ഇല്ലാതെ വാഹനം ഓട്ടിയതിന് വിദ്യാർത്ഥിയെ പിടികൂടുകയായിരുന്നുവെന്നും മർദ്ദിച്ചിട്ടില്ലെന്നും പോലീസ് പ്രതികരിച്ചു.