- കല്ലൂപ്പാറയിൽ ബി.ജെ.പിക്ക് അട്ടിമറി ജയം, യു.ഡി.എഫിന്റെ ഒരു സീറ്റ് എൽ.ഡി.എഫും പിടിച്ചെടുത്തു, എരുമേലിയിൽ ഭരണമാറ്റത്തിന് സാധ്യത
കണ്ണൂർ/കൽപ്പറ്റ/കോഴിക്കോട്/മലപ്പുറം/പാലക്കാട്/കോട്ടയം/പത്തനംതിട്ട/തിരുവനന്തപുരം - തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം. 11 സീറ്റുകളിൽ വിജയക്കൊടി പാറിച്ച ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ ആറ് സീറ്റുകൾ ഇടതു മുന്നണിയിൽ നിന്നും പിടിച്ചെടുത്തു. അതിനിടെ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല കല്ലൂപ്പാറയിൽ ബി.ജെ.പി അട്ടിമറി ജയം നേടി.
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലെ 15-ാം വാർഡ്, വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ പാളാക്കര വാർഡ്, മലപ്പുറം തിരുനാവായ പഞ്ചായത്തിലെ 11-ാം വാർഡ്, പാലക്കാട് തൃത്താല പഞ്ചായത്തിലെ നാലാം വാർഡ്, കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡ്, കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12-ാം വാർഡ് തുടങ്ങിയവയാണ് യു.ഡി.എഫ് എൽ.ഡി.എഫിൽനിന്നും പിടിച്ചെടുത്തത്.
തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് അംഗമായിരുന്ന ബീനാ രാജീവ് രാജിവച്ച് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. 132 വോട്ടിനാണ് ജയം.
പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് എൻ.ഡി.എയുടെ അപ്രതീക്ഷിത വിജയം. എൽ.ഡി.എഫിൽ നിന്നും ബി.ജെ.പിയാണ് സീറ്റ് പിടിച്ചെടുത്തത്. ആലപ്പുഴ തണ്ണീർമുക്കത്തും ബി.ജെ.പി സീറ്റ് നിലനിർത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു.ഡി.എഫ് വിജയിച്ചു. മൂന്ന് വാർഡുകൾ നിലനിർത്തിയപ്പോൾ ഒരു വാർഡ് തിരിച്ചുപിടിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റും എൽ.ഡി.എഫ് നിലനിർത്തി. പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. അതേസമയം, യു.ഡി.എഫ് ജയത്തോടെ എരുമേലി പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാധ്യതയേറി. 23 അംഗ പഞ്ചായത്തിൽ യു.ഡി.എഫിലെ ഒരംഗത്തിന്റെ പിന്തുണയിലാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. ഇടഞ്ഞുനിന്ന അംഗം ഇപ്പോൾ യു.ഡി.എഫുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ജയത്തോടെ 23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 12 അംഗങ്ങളായി.