കോഴിക്കോട് - മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ പാർട്ടി ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മോഹങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് മുതിർന്ന നേതാക്കളുടെ ഇടപെടൽ. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അനുഗ്രഹാശ്ശിസുകളോടെ മുതിർന്ന നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, കെ.എം ഷാജിയെ പിന്തുണയ്ക്കുന്ന വിഭാഗം എന്നിവർ മുന്നോട്ടുവെച്ച പാനൽ ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കുറ്റ്യാടി മുൻ എം.എൽ.എയും നിലവിലെ ജില്ലാ ട്രഷററുമായ പാറക്കൽ അബ്ദുല്ലയെ പ്രസിഡന്റായും സൂപ്പി നരിക്കാട്ടേരിയെ ജനറൽസെക്രട്ടറിയായും അവരോധിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നവരുടെ പ്ലാൻ. എന്നാൽ, കെ.എം ഷാജിയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം എം.എസ്.എഫ്, യൂത്ത് ലീഗ് നേതൃത്വത്തിലൂടെ സംഘടനാരംഗത്ത് മിടുക്ക് തെളിയിച്ച പി.എസ്.സി മുൻ അംഗം കൂടിയായ ടി.ടി ഇസ്മായിലിനെ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചു. ബഹളത്തിനിടെ അവസാനം, അതിനു വഴങ്ങിയ കുഞ്ഞാലിക്കുട്ടി അനുകൂലികൾ സൂപ്പിയെ ട്രഷറർ സ്ഥാനത്തേക്ക് മാറ്റി പ്രസിഡന്റ് സ്ഥാനത്ത് പാറക്കൽ അബ്ദുല്ല വേണമെന്ന് വാദിച്ചു. എന്നാൽ മറുവിഭാഗം അതിന് സമ്മതിച്ചില്ല. ദീർഘകാലമായി ജില്ലാ നേതൃ നിരയിലുള്ള സി.എച്ച് സെന്റർ ജനറൽസെക്രട്ടറി കൂടിയായ എം.എ റസാഖ് മാസ്റ്ററെ പ്രസിഡന്റാക്കണമെന്ന് ഇവർ മുന്നോട്ടു വച്ചു. ഇതിന് പാണക്കാട് സാദിഖലി തങ്ങളുടെ പിന്തുണ കൂടി ലഭിച്ചതോടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് കുഞ്ഞാലിക്കുട്ടിയുടെ നോമിനികൾ പിൻവാങ്ങി സമവായത്തിലൂടെ ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു. പാണക്കാട് തങ്ങളുടെ പാനൽ വന്നതോടെ, വിട്ടുവീഴ്ച ചെയ്യാൻ കുഞ്ഞാലിക്കുട്ടി തന്നെ നിർദേശിക്കുകയായിരുന്നു. മണ്ഡലം തലത്തിൽ പ്രാതിനിധ്യക്കുറവ് ഉണ്ടായെങ്കിൽ പിന്നീട് പരിഹരിക്കാമെന്ന ഉറപ്പും നൽകി. ഭാരവാഹികളുടെ പാനലിന് പാണക്കാട് സാദിഖലി തങ്ങളുടെ അംഗീകാരമുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് ചെറിയ പ്രതിഷേധങ്ങളുയർന്നെങ്കിലും എല്ലാവരും അത് അംഗീകരിച്ച് പിരിയുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജില്ലാ കൗൺസിൽ യോഗത്തിൽ റിട്ടേണിങ് ഓഫീസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഉന്നതാധികാര സമിതി അംഗം ഡോ. എം.കെ മുനീർ എം.എൽ.എ, പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം, വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി, സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, അസി. റിട്ടേണിങ് ഓഫിസർമാരായ പി അബ്ദുൽഹമീദ് എം.എൽ.എ, എം റഹ്മത്തുള്ള തുടങ്ങിയവർ പങ്കെടുത്തു.
മാർച്ച് നാലിനാണ് സംസ്ഥാന കൗൺസിൽ. സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാലയെയും ട്രഷററായിരുന്ന പാറക്കൽ അബ്ദുല്ലയെയും സംസ്ഥാന നേതൃത്വത്തിൽ കൊണ്ടുവരണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്.
കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികൾ ഇങ്ങനെ:
പ്രസിഡന്റ് - എം.എ റസാഖ് മാസ്റ്റർ, ജനറൽസെക്രട്ടറി-ടി.ടി ഇസ്മായിൽ, ട്രഷറർ-സൂപ്പി നരിക്കാട്ടേരി.
മറ്റു ഭാരവാഹികൾ ഇപ്രകാരമാണ്:
കെ.എ. ഖാദർ, അഹമ്മദ് പുന്നക്കൽ, എൻ.സി അബൂബക്കർ, പി അമ്മദ്, എസ്.പി. കുഞ്ഞമ്മദ്, പി. ഇസ്മയിൽ, വി.കെ.സി. ഉമ്മർ മൗലവി (വൈസ് പ്രസിഡന്റുമാർ), സി.പി.എ അസീസ്, വി.കെ ഹുസൈൻകുട്ടി, ഒ.പി നസീർ, എ.വി അൻവ്വർ, എ.പി അബ്ദുൽമജീദ്, എം കുഞ്ഞാമുട്ടി, കെ.കെ നവാസ് (സെക്രട്ടറിമാർ).