ന്യൂദൽഹി - പെരിന്തൽമണ്ണ മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എ സുപ്രീം കോടതിയിൽ നൽകിയ ഹരജി പിൻവലിച്ചു. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതോടെ ഹരജി പിൻവലിക്കുകയാണെന്ന് എം.എൽ.എയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി അറിയിക്കുകയായിരുന്നു. എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ കെ.പി.എം മുസ്തഫയുടെ ഹരജി നിലനില്ക്കുമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
ഇതോടെ നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യംചെയ്തുള്ള ഹരജിയിൽ ഹൈകോടതിയിൽ വിചാരണ തുടരാനാവും. തെരഞ്ഞെടുപ്പിൽ 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർ സ്ഥാനാർത്ഥി മുസ്തഫ ഹരജി ഫയൽ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗരേഖ ലംഘിച്ചാണ് വോട്ടെണ്ണൽ നടന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കെ.പി.എം മുസ്തഫക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സി.യു സിങ്ങും അഭിഭാഷകരായ ഇ.എം.എസ് അനാമും എം.എസ് വിഷ്ണു ശങ്കറും ഹാജരായി.
നജീബ് കാന്തപുരത്തിനെതിരെ കെ.പി.എം മുസ്തഫ സമർപ്പിച്ച ഹരജി നിലനിൽക്കുമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിക്കെതിരെ നജീബ് കാന്തപുരം നൽകിയ തടസ്സവാദം അന്ന് ഹൈക്കോടതി തള്ളുകയായിരുന്നു. തപാൽ വോട്ടുകൾ എണ്ണിയിട്ടില്ലെന്ന മുസ്തഫയുടെ ആരോപണത്തിൽ വിശദ പരിശോധന ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് ഹരജിയിൽ വിചാരണ വേണ്ടതുണ്ടെന്നും വ്യക്തമാക്കിയായിരുന്നു അന്ന് ഹൈകോടതി ഉത്തരവിറക്കിയത്. ഈ ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീം കോടതിയെ സമീപിച്ചത്. അതാണിപ്പോൾ തള്ളിയത്. നജീബ് കാന്തപുരത്തിനുവേണ്ടി അഭിഷേക് സിങ്‌വിയോടൊപ്പം അഭിഭാഷകനായ ഹാരിസ് ബീരാനും ഹാജറായി.
കേസിൽ പോസ്റ്റൽ വോട്ടുകളും സ്‌പെഷ്യൽ തപാൽ ബാലറ്റുകളും അടങ്ങിയ പെട്ടികൾ ഇടക്കാലത്ത് കാണാതായതിൽ തുറന്ന കോടതിയിൽ ഈയിടെ പരിശോധന നടന്നിരുന്നു. തപാൽ വോട്ടുകൾ അടങ്ങിയ വോട്ടുപെട്ടികൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് സൂക്ഷിച്ചതെന്ന് കോടതിയും അന്വേഷണ കമ്മിഷനും കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്റെ സൂചനയാണെന്ന് വിമർശിച്ച്, തുറന്ന പെട്ടികൾ കോടതി വീണ്ടും സേഫ് കസ്റ്റഡിയിലേക്ക് മാറ്റി.