- അർജന്റീനയുടെ ലയണൽ സ്‌കലോണി മികച്ച പുരുഷ ടീം പരിശീലകൻ, മികച്ച വനിതാ താരമായി വീണ്ടും ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലക്‌സിയ പുട്ടേയാസ് തെരഞ്ഞെടുക്കപ്പെട്ടു.
പാരിസ് - 2022-ലെ ദി ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡിൽ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ലഭിച്ച അർജന്റീനയുടെ ലയണൽ മെസ്സിക്ക് ലഭിച്ചത് 52 പോയന്റ്. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെക്ക് 44ഉം കരിം ബെൻസേമക്ക് 34ഉം പോയന്റുകൾ ലഭിച്ചപ്പോൾ പി.എസ്.ജിയിൽ മെസ്സിയുടെയും എംബാപ്പെയുടെയും സഹതാരമായ നെയ്മർക്ക് 13 പോയന്റ് നേടി ഒമ്പതാം സ്ഥാനത്തേ എത്താനായുള്ളൂ.
28 പോയന്റുമായി ക്രൊയേഷ്യയുടെ ലൂക മോഡ്രിച് നാലാമതും 24 പോയന്റോടെ നോർവെയുടെ എർലിങ് ഹാലണ്ട് അഞ്ചും സ്ഥാനത്തെത്തി. സാദിയോ മാനെ (19 വോട്ട്), ജൂലിയൻ അൽവാരസ് (17), അഷ്‌റഫ് ഹക്കീമി (15), നെയ്മർ (13), കെവിൻ ഡിബ്രൂയിൻ (10) വിനീഷ്യസ് ജൂനിയർ (10), റോബർട്ട് ലെവൻഡോസ്‌കി (ഏഴ്), ജൂഡ് ബെല്ലിങ്ഹാം (മൂന്ന്), മുഹമ്മദ് സലാഹ് (രണ്ട്) എന്നിങ്ങനെയാണ് മറ്റു താരങ്ങൾക്ക് ലഭിച്ച പോയന്റുകൾ.
മെസ്സിക്കായി 728 പരിശീലകരും 717 ക്യാപ്റ്റന്മാരും 836 മാധ്യമപ്രവർത്തകരും 13,45,851 ഫാൻസും വോട്ട് ചെയ്തു. മികച്ച പുരുഷ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത് അർജന്റീനയ്ക്ക് കിരീട നേട്ടം സമ്മാനിച്ച ലയണൽ സ്‌കലോണിയാണ്. പെപ് ഗാർഡിയോള, കാർലോ ആൻസലോട്ടി എന്നിവരെയാണ് സ്‌കലോണി മറികടന്നത്. മികച്ച പുരുഷ ഗോൾകീപ്പറായി അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനസ് തെരഞ്ഞെടുക്കപ്പെട്ടു. മൊറോക്കൊയുടെ യാസിൻ ബോനു, ബെൽജിയത്തിന്റെ തിബോ കുർട്ടോ എന്നിവരാണ് മാർട്ടിനസിന് കടുത്ത വെല്ലുവിളി ഉയർത്തിയത്. ഫിഫ ഫാൻ അവാർഡും അർജന്റീനൻ ആരാധകർക്കാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തുടർച്ചയായി രണ്ടാം തവണയും ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലക്‌സിയ പുട്ടേയാസ് ആണ് മികച്ച വനിതാ താരം. ബേത്ത് മീഡ്, അലക്‌സ് മോർഗൻ എന്നിവരാണ് തൊട്ടുപിറകിൽ.
മറ്റു പുരസ്‌കാരങ്ങൾ ഇങ്ങനെയാണ്: മികച്ച വനിതാ ടീം കോച്ച്: സറീന വെയ്ഗ്മാൻ (ഇംഗ്ലണ്ട്), മികച്ച വനിതാ ഗോൾകീപ്പർ: മേരി എർപ്‌സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുനൈറ്റഡ്), ഫിഫ ഫെയർപ്ലേ: ജോർജിയൻ ലോഷോഷ്വിലി (വൂൾവ്‌സ്ബർഗ്), മികച്ച ഗോൾ (പുഷ്‌കാസ് പുരസ്‌കാരം): മാർസിൻ ഒലെക്‌സി (വാർറ്റ പൊസ്‌നാൻ, പോളണ്ട്).