സന്തോഷ് ട്രോഫി: ടീമുകള്‍ റിയാദില്‍

റിയാദ് - എഴുപത്താറാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കായി നാലു ടീമുകള്‍ റിയാദില്‍ വിമാനമിറങ്ങി. ചരിത്രത്തിലാദ്യമായാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ വിദേശ മണ്ണില്‍ സംഘടിപ്പിക്കുന്നത്. സൗദി ഫുട്‌ബോള്‍ ഫെഡറേഷനാണ് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത്. പഞ്ചാബ്, സര്‍വീസസ്, കര്‍ണാടക, മേഘാലയ ടീമുകള്‍ കിംഗ് ഖാലിദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി. 
ബുധനാഴ്ച വൈകുന്നേരം റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം അഞ്ചരക്ക് പഞ്ചാബും മേഘാലയയും ആദ്യ സെമി ഫൈനലില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിന് സര്‍വീസസും കര്‍ണാടകയും തമ്മിലാണ് രണ്ടാം സെമി. 
ലൂസേഴ്‌സ് ഫൈനല്‍ നാലിന് വൈകുന്നേരം ഇന്ത്യന്‍ സമയം ആറിനാണ്. ഫൈനല്‍ അതേ ദിവസം ഇന്ത്യന്‍ സമയം ഒമ്പതിന് അരങ്ങേറും. 
ചരിത്രത്തിന്റെ ഭാഗമാവുന്നതില്‍ കളിക്കാരെല്ലാം ആവേശത്തിലാണെന്ന് സര്‍വീസസിന്റെ ചീഫ് കോച്ച് എം.ജി രാമചന്ദ്രന്‍ പറഞ്ഞു. വ്യത്യസ്തമായ അനുഭവത്തിനായി കളിക്കാര്‍ കാത്തിരിക്കുകയാണെന്ന് ആദ്യമായി സെമി ഫൈനലിലെത്തിയ മേഘാലയത്തിന്റെ കോച്ച് ഖലയ്ന്‍ സിയെംലിയെ പറഞ്ഞു. പഞ്ചാബ് കോച്ച് ഹര്‍പ്രീത് സയ്‌നി, കര്‍ണാടക കോച്ച് രവി ബാബു രാജു എന്നിവരും സമാനമായ വികാരം പങ്കിട്ടു.
 

Latest News