Sorry, you need to enable JavaScript to visit this website.

ഒരു റണ്ണിന് ജയിച്ച് കിവീസ്, വെല്ലിംഗ്ടണില്‍ നാടകീയാന്ത്യം

വെല്ലിംഗ്ടണ്‍ - ഇംഗ്ലണ്ടും ന്യൂസിലാന്റും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ത്രസിപ്പിക്കുന്ന അന്ത്യം. ഫോളോഓണ്‍ ചെയ്ത ന്യൂസിലാന്റ് ഒരു റണ്ണിന് ഇംഗ്ലണ്ടിനെ തോല്‍പിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്ന് ഫോളോഓണ്‍ ചെയ്യേണ്ടി വന്ന ടീം നാലാം തവണയാണ് തിരിച്ചടിച്ച് വിജയം നേടുന്നത്. 
രണ്ടു തവണ ഇംഗ്ലണ്ടും ഒരു തവണ ഇന്ത്യയും മാത്രമേ ഫോളോഓണ്‍ ചെയ്യേണ്ടി വന്ന ശേഷം ടെസ്റ്റ് ജയിച്ചിട്ടുള്ളൂ. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടാണ് ജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിനു മുമ്പ് ഒരിക്കലേ ഒരു റണ്ണിന്റെ വ്യത്യാസത്തില്‍ ഫലം നിര്‍ണയിക്കപ്പെട്ടിട്ടുള്ളൂ. 30 വര്‍ഷം മുമ്പ് വെസ്റ്റിന്‍ഡീസ് അഡ്‌ലയ്ഡില്‍ ഓസ്‌ട്രേലിയയെ ഒരു റണ്‍സിന് തോല്‍പിച്ചു. 
ജയിക്കാന്‍ ഇംഗ്ലണ്ടിന് 258 റണ്‍സാണ് വേണ്ടിയിരുന്നത്. ഒന്നിന് 48 ല്‍ അഞ്ചാം ദിനം അവര്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ചു. 256 റണ്‍സിന് ഓളൗട്ടായി. നീല്‍ വാഗ്നറെ ജെയിംസ് ആന്‍ഡേഴ്‌സന്‍ ബൗണ്ടറി കടത്തിയതോടെ ഇംഗ്ലണ്ടിന് മത്സരം ടൈ ആക്കാന്‍ ഒരു റണ്‍ മതിയായിരുന്നു. ക്യാപ്റ്റന്‍ ടിം സൗതീ അടുത്ത ഓവര്‍ മെയ്ഡനാക്കി. തുടര്‍ന്നുള്ള ഓവറില്‍ ആന്‍ഡേഴ്‌സനെ (4) വാഗ്‌നര്‍ പുറത്താക്കി ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 
രാവിലെ ന്യൂസിലാന്റ് നാലു വിക്കറ്റെടുത്തതോടെ ഇംഗ്ലണ്ട് അഞ്ചിന് 80 ലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ ലഞ്ചിനു ശേഷം ജോ റൂട്ടും (95) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും (33), ബെന്‍ ഫോക്‌സും (35) തിരിച്ചടിച്ചു. ഒമ്പതാമനായി ഫോക്‌സ് പുറത്തായതോടെയാണ് കളി തിരിഞ്ഞത്. വാഗനര്‍ നാലും സൗതീ മൂന്നും മാറ്റ് ഹെന്റി രണ്ടും വിക്കറ്റെടുത്തു.
 

Latest News