പാരിസ് - ഫിഫ ബെസ്റ്റ് അവാര്‍ഡിനുള്ള വോട്ടെടുപ്പില്‍ ലിയണല്‍ മെസ്സിയുടെ വോട്ട് പ്രിയ സുഹൃത്ത് നെയ്മാറിന്. അര്‍ജന്റീന ക്യാപ്റ്റനെന്ന നിലയിലാണ് മെസ്സി വോട്ട് ചെയ്തത്. ലോകകപ്പില്‍ പോര്‍ചുഗലിനെ നയിച്ച ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ വോട്ട് ചെയ്തില്ല. പകരം സെന്റര്‍ബാക്ക് പെപ്പെയാണ് പോര്‍ചുഗലിനു വേണ്ടി വോട്ട് ചെയ്തത്. ക്രിസ്റ്റിയാനോയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന നീക്കിയെന്നാണ് സൂചന. പെപ്പെയുടെ വോട്ട് കീലിയന്‍ എംബാപ്പെക്കായിരുന്നു. പെപ്പെയുടെ മൂന്നു വോട്ടില്‍ ഒന്നു പോലും മെസ്സിക്ക് നല്‍കിയില്ല. ലൂക്ക് മോദ്‌റിച്ചിനും കരീം ബെന്‍സീമക്കുമായിരുന്നു മറ്റു രണ്ടു വോട്ടുകള്‍. ഇരുവരും റയല്‍ മഡ്രീഡില്‍ പെപ്പെയോടൊപ്പം കളിച്ചിരുന്നു.
മെസ്സി രണ്ടാം വോട്ട് എംബാപ്പെക്ക് നല്‍കി. മുഹമ്മദ് സലാഹിന്റെ വോട്ടാണ് ഏറെ അമ്പരപ്പിച്ചത്. വിനിസിയൂസ് ജൂനിയറിനായിരുന്നു സലാഹിന്റെ ആദ്യ വോട്ട്. കെവിന്‍ ഡിബ്രൂയ്‌നെ, മൊറോക്കോയുടെ അശ്‌റഫ് ഹകീമി എന്നിവര്‍ക്ക് തുടര്‍ന്നുള്ള വോട്ടുകള്‍ നല്‍കി. മെസ്സിക്കു പുറമെ നെയ്മാറിന് ആദ്യ വോട്ട് നല്‍കിയത് ഒരാള്‍ മാത്രം -ബ്രസീല്‍ നായകന്‍ തിയാഗൊ സില്‍വ. സില്‍വയുടെ രണ്ടാം വോട്ട് മെസ്സിക്കായിരുന്നു. മൂന്നാമത്തേത് പി.എസ്.ജിയില്‍ സഹതാരമായിരുന്ന എംബാപ്പെക്കും.
ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ആദ്യ വോട്ടിന് കരീം ബെന്‍സീമയെയാണ് തെരഞ്ഞെടുത്തത്. എംബാപ്പെക്കും മെസ്സിക്കും തുടര്‍ന്നുള്ള വോട്ടുകള്‍ നല്‍കി. സൗദി നായകന്‍ സല്‍മാന്‍ അല്‍ഫറജ് വോട്ട് ചെയ്തത് മെസ്സി, ബെന്‍സീമ, എംബാപ്പെ എന്ന ക്രമത്തിലായിരുന്നു.
ലോകകപ്പില്‍ കളിച്ചിട്ടില്ലെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലാന്‍ഡ് ഫിഫ്‌പ്രൊ ലോക ഇലവനില്‍ സ്ഥാനം പിടിച്ചു. വോട്ടെടുപ്പില്‍ പതിനാലാം സ്ഥാനത്തായതോടെ മുഹമ്മദ് സലാഹിന് ടീമില്‍ ഇടം ലഭിച്ചില്ല. പതിനാറാം തവണ ബെസ്റ്റ് ഇലവനില്‍ സ്ഥാനം പിടിച്ച് മെസ്സി റെക്കോര്‍ഡിട്ടു. തിബൊ കോര്‍ടവ, അശ്‌റഫ് ഹകീമി, ജോ കേന്‍സോലൊ, വിര്‍ജില്‍ വാന്‍ഡിക്, കെവിന്‍ ഡിബ്രൂയ്‌നെ, ലൂക്ക മോദ്‌റിച്, കസിമീരൊ, എംബാപ്പെ, ബെന്‍സീമ എന്നിവരാണ് ഫിഫ്‌പ്രൊ ഇലവനിലെ മറ്റു കളിക്കാര്‍.
ഹകീമിക്കെതിരെ ലൈംഗിക
പീഡന ആരോപണം
നാന്റിയര്‍ - പാരിസ് സെയ്ന്റ് ജര്‍മാന്‍ ഫുള്‍ബാക്കും ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ മൊറോക്കൊ ടീമംഗവുമായ അശ്‌റഫ് ഹകീമിക്കെതിരെ ലൈംഗികാരോപണം. ഫെബ്രുവരി 25 ന് പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ വീട്ടില്‍ വെച്ചുവെന്ന് ഹകീമി മാനഭംഗം ചെയ്തുവെന്നാരോപിച്ച് ഇരുപത്തിനാലുകാരിയാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി കൊടുത്തിട്ടില്ലെന്നാണ് സൂചന.
വാര്‍ത്ത വന്ന ദിവസം ഫിഫ ബെസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ ഹകീമി പങ്കെടുത്തു. ഫിഫ്‌പ്രൊ ലോക ഇലവനില്‍ പ്രിയ സുഹൃത്ത് കീലിയന്‍ എംബാപ്പെക്കൊപ്പം ഹകീമിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.