- തമാശകളിലൂടെ എല്ലാവരുടെയും ഇഷ്ടം വാങ്ങിയ സുബി ഇത്തരമൊരു സീരിയസ് അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് നടി ബീന ആന്റണി
കൊച്ചി - പ്രേക്ഷകരെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മലയാളികളുടെ കയ്യടി നേടിയ നടി സുബി സുരേഷിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് നാട്. സ്വന്തം വീട്ടിൽ ആരോ പോയ പോലെയാണ് പല പ്രേക്ഷകർക്കും സുബിയുടെ വേർപ്പാട്. അത്രയ്ക്കും ആത്മബന്ധം സ്ഥാപിച്ച ഇടപഴകലുകളായിരുന്നു സുബിയുടേത്.
പർഫെക്ടായ ഒരു ആർട്ടിസ്റ്റിന്റെ കൈയടക്കമാണ് സുബിയെ പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടാൻ സഹായിച്ചത്. ഒരു സ്കിറ്റ് തീരുമാനിച്ചാൽ അത് നൂറ് ശതമാനം മനസിലാക്കി കൃത്യമായി റീപ്രൊഡ്യൂസ് ചെയ്യുന്ന അസാമാന്യ കഴിവുള്ള നടിയും അവതാരകയുമായിരുന്നു ഈ 41-കാരി. സിനിമയിലാണെങ്കിലും ചെറിയ വേഷങ്ങളിൽ പോലും തിളങ്ങാൻ സഹായിച്ചത് ഈ സമർപ്പണ മനസ്സാണ്. അതുകൊണ്ടാണ് പല ലൊക്കേഷനിലും കോമഡി വേഷം അടക്കം ലീഡ് ചെയ്യാൻ പലരും സുബിയെ തന്നെ കാത്തിരിക്കാറ്. ഹാസ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവരാൻ വളരെ എളുപ്പത്തിൽ അവർക്കായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ അവർ തിളങ്ങി.
കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബി ഇന്ന് രാവിലെയാണ് വിട വാങ്ങിയത്. പ്രിയ നടിയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും പ്രേക്ഷകരുമെല്ലാം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം. തൃപ്പൂണിത്തുറ സർക്കാർ സ്കൂളിലും, സെന്റ് തെരേസാസിലുമായിരുന്നു വിദ്യാഭ്യാസം. ബ്രേക്ക് ഡാൻസിൽ കമ്പം തോന്നിയ സുബി സ്കൂൾകാലം മുതൽ ഡാൻസ് പഠിക്കാൻ തുടങ്ങി. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. മിമിക്രിയിലൂടെ കലാരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സൂര്യ ടി.വിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006-ലാണ് സുബി ചലച്ചിത്രലോകത്തേയ്ക്ക് കടന്നത്. സുബിയുടെ വിവാഹം ഏകദേശം ഉറപ്പിച്ചു സന്തോഷവതിയായി കഴിയുന്നതിനിടെയാണ് ദു:ഖിപ്പിക്കുന്ന വാർത്തയുണ്ടായത്.
സുബി ഒരിക്കലും അവളുടെ പ്രശ്നങ്ങൾ മുഖത്ത് കാണിക്കാറില്ലായിരുന്നുവെന്ന് നടി ബീന ആന്റണി അനുസ്മരിച്ചു. എപ്പോഴും ചിരിച്ചും തമാശകൾ പറഞ്ഞുമാണ് അവർ ഇടപഴകിയത്. ഒരുപാട് സങ്കടമുണ്ട്. ഈ തമാശകളിലൂടെ എല്ലാവരുടെയും ഇഷ്ടം വാങ്ങിയ സുബി ഇത്തരമൊരു സീരിയസ് അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബീന ആന്റണി പറഞ്ഞു.