കോഴിക്കോട് / മലപ്പുറം - സമസ്തയുമായുള്ള കടുത്ത അഭിപ്രായ ഭിന്നതക്കു പിന്നാലെ സി.ഐ.സി (കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ്) ജനറൽസെക്രട്ടറി സ്ഥാനം പ്രഫ. എ.കെ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി രാജിവച്ചു. സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കാണ് രാജി സമർപ്പിച്ചത്. ആദൃശ്ശേരി ഫൈസിയെ ഇന്നലെ രാത്രി പാണക്കാട്ടേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.
ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽനിന്ന് പുറത്താക്കിയ ശേഷം ബഹിഷ്‌ക്കരിക്കണമെന്ന് സമസ്തയുടെ വിദ്യാർത്ഥി-യുവജന സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ വിലക്ക് അവഗണിച്ച് പാണക്കാട് സാദിഖലി തങ്ങൾ ഫൈസിയുമായി നാദാപുരത്ത് വേദി പങ്കിട്ടത് ഏറെ വിവാദമായിരുന്നു. ഇതാണ് പെട്ടെന്നുള്ള രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.