Sorry, you need to enable JavaScript to visit this website.

ഹക്കീം ഫൈസി-സമസ്ത പ്രശ്‌നം പരിഹാരത്തിലേക്ക്; രാജി ഉടൻ, സാദിഖലി തങ്ങൾക്കൊപ്പം ചർച്ചയിൽ കുഞ്ഞാലിക്കുട്ടിയും

Read More

- പ്രഫ. എ.കെ അബ്ദുൽഹക്കീം ഫൈസി സമസ്തക്കു വഴങ്ങും; വലിയൊരു അപകടം ഒഴിവാക്കാൻ മറ്റു പോംവഴികളില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ

പാണക്കാട് (മലപ്പുറം) - സമസ്തയുടെ കണ്ണിലെ കരടായി മാറിയ കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) ജനറൽസെക്രട്ടറിയും പണ്ഡിതനുമായ പ്രഫ. എ.കെ അബ്ദുൽഹക്കീം ഫൈസി പദവിയിൽനിന്ന് ഉടൻ രാജിവെച്ചേക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇന്നലെ രാത്രി പാണക്കാട്ട് നടത്തിയ നിർണായക ചർച്ചയിലാണ് ഫൈസി സമസ്തയുടെ ആവശ്യത്തിന് വഴങ്ങാൻ ധാരണയായത്. 
 സ്ഥാനത്യാഗത്തിന് യാതൊരു പ്രയാസവുമില്ലെന്നും പക്ഷേ, അത് സി.ഐ.സിയുടെ ബന്ധപ്പെട്ട ബോഡി വിളിച്ചുചേർത്തശേഷം, തന്നെ തെരഞ്ഞെടുത്തവരുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം മാത്രമെന്നായിരുന്നു ഫൈസിയുടെ നിലപാട്. ഫൈസിയുടെ വാദം സംഘടനാപരമായി ശരിയാണെങ്കിലും സി.ഐ.സി വിളിച്ചുചേർത്താൽ ഫൈസിയെ രാജിവെപ്പിക്കാൻ ഭൂരിഭാഗവും അനുവദിക്കാത്ത സാഹചര്യത്തിൽ അത് സമസ്തയുമായുള്ള പ്രശ്‌നം കൂടുതൽ സങ്കീർണമാക്കാനേ വഴിവെക്കൂവെന്നും വിട്ടുവീഴ്ച ഉണ്ടാവണമെന്നും സാദിഖലി തങ്ങൾ നിർബന്ധം പിടിക്കുകയായിരുന്നു. തുടർന്നാണ് സമസ്തയുടെ ഒറ്റപ്പെട്ട ചില കോക്കസുകളുടെ ആജ്ഞക്കു മനമില്ലാ മനസ്സോടെ രണ്ടുമണിക്കൂറിനുശേഷം ഫൈസി സമ്മതം മൂളിയതെന്ന് അറിയുന്നു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

  ഹക്കീം ഫൈസി നേതൃസ്ഥാനത്ത് ഉള്ളേടത്തോളം കാലം സമസ്ത സി.ഐ.സി സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചായിരുന്നു ഹക്കീം ഫൈസിയെ സമസ്തയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും സംഘടന ഈയിടെ പുറത്താക്കിയത്. ഇതിനു പിന്നാലെ ഹക്കീം ഫൈസിയുമായി സമസ്ത നേതാക്കൾ വേദി പങ്കിടുന്നത് പോഷകസംഘടനകൾ വിലക്കിയിരുന്നു. ഈ വിലക്ക് മറികടന്ന് ലീഗ് പ്രസിഡന്റും സുന്നി യുവജന സംഘത്തിന്റെ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വേദി പങ്കിട്ടതോടെ സമസ്തയിലെ ഒരു വിഭാഗത്തിൽ അസംതൃപ്തി വീണ്ടും കൂടുതൽ രൂക്ഷമായി പുകയുകയായിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച രാത്രി തന്നെ സാദിഖലി തങ്ങൾ ഹക്കീം ഫൈസിയെ പാണക്കാട്ടേക്കു വിളിപ്പിച്ചത്. വിവാദങ്ങൾ അവസാനിപ്പിക്കാൻ ഫൈസിയുടെ രാജിയിൽ കുറഞ്ഞതൊന്നും സമസ്തക്കു സ്വീകാര്യമല്ലെന്ന് സി.ഐ.സിയുടെ പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾ ആവർത്തിച്ചു പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങൾ സമസ്തയുടെ വഴിക്കു നീങ്ങുന്ന സൂചനയിലേക്ക് എത്തിയത്. എന്നാൽ, രാജി പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിക്കാൻ ഹക്കീം ഫൈസി തയ്യാറായിട്ടില്ല. അതേസമയം, ഫൈസി ഉടനെ രാജിക്കത്ത് നൽകുമെന്നാണ് സാദിഖലി തങ്ങളുമായി അടുപ്പമുള്ള വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരം.
 സമസ്തയുടെ നേതാക്കളും പ്രവർത്തകരും ഹക്കീം ഫൈസിയുമായി വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന വിലക്കു വന്ന് മണിക്കൂറുകൾക്കകം പാണക്കാട് സാദിഖലി തങ്ങൾ തന്നെ, അത് ലംഘിച്ചതിന്റെ പശ്ചാത്തലത്തിൽ സമസ്തയുടെ വിദ്യാർത്ഥി-യുവജന സംഘടനകൾ ബുധനാഴ്ച കോഴിക്കോട്ട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഫൈസി രാജിവെക്കുന്നതോടെ സമസ്തയിലെ ഒരുവിഭാഗം നടത്തിയ തുറന്ന പോരാട്ടം ലക്ഷ്യംകാണുന്നുവെന്ന സന്തോഷവും സങ്കടവുമാണ് പലരും പങ്കുവെക്കുന്നത്. ലീഗിനെ നിയന്ത്രിക്കാനുള്ള സമസ്തയിലെ ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളാണ് ഇതോടെ കൂടുതൽ സ്വീകാര്യത നേടുന്നതെന്നും ഇവർ ആരോപിക്കുന്നു.
 മാസങ്ങൾക്കു മുമ്പ് കോഴിക്കോട്ട് നടന്ന വഫി, വാഫിയ്യ സ്ഥാപനങ്ങളുടെ സനദ് ദാന സമ്മേളനം ബഹിഷ്‌കരിക്കാൻ സമസ്ത സർക്കുലർ ഇറക്കിയെങ്കിലും പാണക്കാട് കുടുംബാംഗങ്ങളും ലീഗ് നേതാക്കളുമെല്ലാം അത് തള്ളി സമ്മേളനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഇത് സമസ്തക്കു കനത്ത തിരിച്ചടിയായിരുന്നു. തുടർന്ന്, ഹക്കീം ഫൈസിയെ പൂട്ടാൻ പല ശ്രമങ്ങൾ സമസ്തയിൽനിന്നുണ്ടായി. ആ നീക്കമാണിപ്പോൾ പൂർണാർത്ഥത്തിൽ ലക്ഷ്യത്തിലേക്ക് അടുക്കുന്നത്.
 ഹക്കീം ഫൈസിയെ രാജിവെപ്പിക്കുന്നതിനോട് പാണക്കാട് കുടുംബാംഗങ്ങൾക്കോ സമസ്തയിലെ തന്നെ വലിയൊരു വിഭാഗം വിദ്യാഭ്യാസ പ്രവർത്തകർക്കോ താൽപര്യമില്ലെങ്കിലും സമസ്തയും ലീഗും പാണക്കാട് കുടുംബവും തമ്മിലുള്ള ഹൃദയബന്ധം തുടരാൻ അതല്ലാതെ മറ്റു പോംവഴികൾ ഇല്ലെന്ന ഘട്ടത്തിലാണ് ഹക്കീം ഫൈസി ചാവേറാവുന്നതെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്. വഫി, വാഫിയ്യ സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ ചുവടുകൾക്ക് ചുക്കാൻ പിടിക്കാൻ ഫൈസിക്ക് സാധിച്ചിരുന്നു. ഇത് സമസ്തയിലെ ചിലർക്കെങ്കിലും ദഹിച്ചിരുന്നില്ല. ഇത് ഇരുകൂട്ടർക്കുമിടയിൽ വ്യക്തിവൈരാഗ്യവും ഈർഷ്യതയും അപകടകരമാംവിധം വളർത്തുകയായിരുന്നു.

  അതിനിടെ, ഫൈസിയുടെ നീക്കങ്ങൾ പലതും സമസ്തയുടെ ആദർശത്തിന് നിരക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി സംഘടനാവിരുദ്ധ നടപടിയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ഫൈസി വിരുദ്ധ കേന്ദ്രങ്ങൾക്ക് സാധിക്കുകയുമുണ്ടായി. ഒടുവിൽ വലിയൊരു അപകടം ഒഴിവാക്കാനെന്നോണം, ചെറിയൊരു നടപടിക്കു കൂട്ടുനിൽക്കാൻ പാണക്കാട് കുടുംബവും നിർബന്ധിതമാവുകയാണുണ്ടായത്.

Latest News