- ചിത്രങ്ങൾ രോഹിണി പുരുഷ ഐ.എ.എസുകാർക്ക് അയച്ചവയെന്ന് ഐ.പി.എസ് ഓഫീസറായ ഡി രൂപ, വ്യക്തിഹത്യയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഐ.എ.എസ് ഓഫീസറായ രോഹിണി സിന്ധൂരി
ബെംഗളൂരു - വനിതാ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥ കുടിപ്പകയിൽ സ്വകാര്യ ചിത്രം പുറത്തുവിട്ട് ഐ.പി.എസ് ഓഫീസർ. കർണ്ണാടകയിലാണ് സംഭവം. ദേവസ്വം കമ്മിഷണറും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐ.പി.എസ് ഓഫീസറും കർണ്ണാടക കരകൗശല വികസന കോർപറേഷൻ എം.ഡിയുമായ ഡി രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
'ഈ ചിത്രങ്ങൾ സാധാരണമായി കാണപ്പെടാം, എന്നാൽ ഒരു വനിതാ ഐ.എ.എസ് ഓഫീസർ അത്തരം ചിത്രങ്ങൾ ഒന്നിലധികം ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അയച്ചാൽ അതിന്റെ അർത്ഥമെന്താണ്? അത് ഒരു സ്വകാര്യ കാര്യമായി മാറുന്നില്ല. ഇത് സേവന പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നു. സലൂൺ ചിത്രങ്ങളും ഉറങ്ങുന്ന ചിത്രങ്ങളും സാധാരണമാണെന്ന് തോന്നുമെങ്കിലും ഈ ചിത്രങ്ങൾ അയച്ച സാഹചര്യം മറിച്ചാണ് പറയുന്നതെന്നും രോഹിണിയുടെ ഫോട്ടോ സഹിതം ഡി. രൂപ പോസ്റ്റ് ചെയ്തു. ഇവ പുരുഷ ഐ.എ.എസ് ഓഫീസർമാർക്കു രോഹിണി തന്നെ അയച്ച ചിത്രങ്ങളാണെന്നാണ് രൂപയുടെ അവകാശവാദം.
എന്നാൽ, തന്റെ വാട്‌സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി സിന്ധൂരി പറഞ്ഞു. 'അവൾ എപ്പോഴും മാധ്യമ ശ്രദ്ധ കൊതിച്ചിരുന്നു, അവളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ഒരു തെളിവാണ്... അവൾ എപ്പോഴും ഒരാളെയോ മറ്റൊരാളെയോ ലക്ഷ്യം വെച്ചിട്ടുണ്ട്. അത് കാര്യമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ അവളുടെ പ്രിയപ്പെട്ട സമയംകളി ആണെന്ന് തോന്നുന്നുവെന്ന്' സിന്ധുരി പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മൈസൂരു കെ.ആർ നഗറിൽ നിന്നുള്ള ദൾ എം.എൽ.എയും മുൻ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്ന് മൈസൂർ കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണത്തിനിടെയാണ് വിവാദ ചിത്രങ്ങൾ പുറത്തുവന്നത്. കോവിഡ് കാലത്ത് ചാമരാജ്‌പേട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഓക്‌സിജൻ കിട്ടാതെ 24 പേർ മരിക്കാനിടയായ സംഭവത്തിൽ, മൈസൂർ കലക്ടറെന്ന നിലയിൽ ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിൽ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിച്ചു.
പ്രിസൺസ് ഡി.ഐ.ജിയായിരിക്കെ ഡി രൂപ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ജയിൽ അഴിമതികളിൽ സർക്കാർ കർശനനടപടി സ്വീകരിച്ചിരുന്നു. അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ ശശികലയ്ക്കു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൈക്കൂലി വാങ്ങി വി.ഐ.പി പരിഗണന ഒരുക്കിയെന്ന സംഭവം പുറത്തുവന്നതും ഈ റിപ്പോർട്ടിലൂടെയായിരുന്നു.
അതേസമയം, കർണാടകയിലെ ഐ.എ.എസ്, ഐ.പി.എസ് അസോസിയേഷനുകൾക്കും സംസ്ഥാന സർക്കാരിനും നാണക്കേടായിരിക്കുകയാണ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള പോർവിളി. ഉന്നത ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും ആരോപണങ്ങളിലും നാണംകെട്ട്, കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, രണ്ട് പേർക്കെതിരെയും കർശന നടപടിക്ക് ഉത്തരവിട്ടതായാണ് വിവരം.
'അവർ ശിക്ഷിക്കപ്പെടണം. ഞാൻ ഡി.ജി.പിയുമായി സംസാരിച്ചു. മുഖ്യമന്ത്രിയും ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ട്. പെരുമാറ്റ ചട്ടങ്ങളുണ്ട്. അവർക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുമെങ്കിൽ, ഈ രീതിയിൽ ആരോപണങ്ങൾ ഉന്നയിക്കാൻ എന്തെങ്കിലും നിയമങ്ങൾ ഉണ്ടോ എന്ന് നമുക്ക് നോക്കാം. അവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. കാര്യങ്ങൾ മുഖ്യമന്ത്രിയുടെ നിരീക്ഷണത്തിലാണ്. അദ്ദേഹം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അഭ്യന്തരമന്ത്രി വ്യക്തമാക്കി.