- ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷം പോലും പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും കുറിപ്പിലുണ്ട്.
കണ്ണൂർ - യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതിയും സി.പി.എമ്മിന്റെ സൈബർ പോരാളിയുമായ ആകാശ് തില്ലങ്കേരിയുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം നാളെ തില്ലങ്കേരിയിൽ നടക്കാനിരിക്കെ വിവാദ ഫേസ് ബുക്ക് പോസ്റ്റുമായി ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി രംഗത്ത്.
ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെടുമെന്നാണ് ജിജോ തില്ലങ്കേരി സമൂഹമാധ്യമത്തിലിട്ട കുറിപ്പിലുള്ളത്. 20 മിനിറ്റിനു ശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പിന്നീട് വീണ്ടും കുറിപ്പ് ഇടുകയും ശേഷം ഡിലീറ്റ് ചെയ്യുകയുമുണ്ടായി.
'ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും.
......ഉത്തരവാദി പാർട്ടി അല്ല .....
മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികൾ ആർഎസ് .എസ്സും മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്.
ഞങ്ങളുടെ കൊലപാതകത്തിന്റെ പാപക്കറ കൂടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷം പോലും പാർട്ടിയെ തെറ്റിദ്ധരിക്കരുതെ'ന്നും എഫ്.ബി പോസ്റ്റിലുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നാളെ വൈകീട്ടാണ് തില്ലങ്കേരിയിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. പി.ജെ ആർമിയുടെ അഡ്മിൻ കൂടിയായ ആകാശ് തില്ലങ്കേരിക്കെതിരെ സി.പി.എമ്മിന്റെ നിലപാട് പറയാൻ തന്റെ ഇഷ്ടനായകനായ പി ജയരാജനെ തന്നെ പാർട്ടി നിയോഗിച്ചത് ഇരുവരെയും കടുത്ത സമ്മർദ്ദത്തിലാക്കുന്ന തന്ത്രമായാണ് നിരീക്ഷിക്കുന്നത്. മറ്റാരു പറയുന്നതിനേക്കാളും ആകാശും സംഘവും പി ജയരാജന്റെ വാക്കുകൾക്ക് വില കൽപ്പിക്കുമെന്നതിനാലാണ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി ജയരാജനെ തന്നെ തന്ത്രത്തിൽ അക്കാര്യം പറയാൻ പാർട്ടി ചുമതലപ്പെടുത്തിയത്. ഇനി ജയരാജന്റെ വാക്കുകൾ ആകാശും കൂട്ടരും മാനിക്കുന്നില്ലെങ്കിൽ അവർ തമ്മിൽ പുതിയ പോരിന് വഴിതുറക്കട്ടെ എന്ന ദുഷ്ടലാക്കും ഇതിന് പിന്നിലുണ്ടെന്നാണ് ആരോപണം.
പാർട്ടിയുടെ ഔദ്യോഗിക നിലപാട് വിശദീകരിച്ച് ആകാശിനെ തള്ളിപ്പറയാനാണ് പി ജയരാജന് പാർട്ടി നിർദ്ദേശം നൽകിയതെന്നാണ് വിവരം. പരിപാടിയിൽ വൻപങ്കാളിത്തം ഉറപ്പാക്കാനും പ്രാദേശിക നേതൃത്വത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. പി ജയരാജന്റെ സാനിധ്യം ഉണ്ടാകുന്നതോടെ തന്നെ പ്രവർത്തകരുടെ വൻ ഒഴുക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് സി.പി.എമ്മിനെ അമ്പേ പ്രതിരോധത്തിലാക്കിയത്. വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നതോടെയാണ് സി.പി.എം പൊതുയോഗം നിശ്ചയിച്ചത്.
സി.പി.എം, ആകാശിന് വഴങ്ങുന്നുവെന്ന പ്രചാരണവും ഉണ്ടായതോടെ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ നേതൃത്വം നിർബന്ധിതമായി.
പൊതുയോഗത്തിൽ പി ജയരാജന് പുറമേ എം.വി ജയരാജൻ, പി പുരുഷോത്തമൻ, എൻ.വി ചന്ദ്രബാബു എന്നിവരും പ്രസംഗിക്കും. ക്വട്ടേഷൻ, ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെയാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നതെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പറഞ്ഞു.