- രണ്ടു വയസ്സായ കുഞ്ഞുള്ള യുവാവും ഈമാസം വിവാഹം നടക്കാനിരുന്ന ബിരുദ വിദ്യാർത്ഥിനിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ലക്‌നൗ - പെൺകുട്ടിയുടെ വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കേ, കമിതാക്കളെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതനായ യുവാവിനെയും ഈ മാസം 26ന് വിവാഹം നടക്കാനിരുന്ന അവിവാഹിതയായ പെൺകുട്ടിയെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യു.പി സ്വദേശികളായ അർജു(25), മോനു എന്ന മോഹൻ സിംഗ്(34) എന്നിവരെയാണ് കാൺപൂരിലെ പങ്കി ശതാബ്ദി നഗറിലെ ആരവലി അപ്പാർട്ട്‌മെന്റ് ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബി.എസ്.സി വിദ്യാർത്ഥിനിയാണ് അർജു. രണ്ടു വയസ്സായ കുഞ്ഞിന്റെ പിതാവാണ് ഇലക്ട്രീഷ്യനായ യുവാവ്. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലാണ്. വിവാഹം കഴിക്കാൻ ഇരുവരും ആഗ്രഹിച്ചെങ്കിലും വീട്ടുകാരുടെ എതിർപ്പിൽ നടന്നില്ല. തുടർന്ന് മൂന്നുവർഷം മുമ്പാണ് മോഹൻസിംഗിന്റെ വീട്ടുകാർ അവന്റെ വിവാഹം നടത്തിയത്. വിവാഹശേഷം മോഹൻ അർജുവിനെ മറക്കുമെന്നായിരുന്നു വീട്ടുകാർ കരുതിയത്. ഒരു കുട്ടിയുടെ പിതാവായ ശേഷവും മോഹനും അർജുവും തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു.
ഇതറിഞ്ഞ മോഹന്റെ ഭാര്യ ഭർത്താവുമായി നിരന്തരം കലഹത്തിലാവുകയും ഒന്നര വർഷം മുമ്പ് സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. ഭാര്യ, കുഞ്ഞുമായി മാതൃവീട്ടിൽ പോയതോടെ, മോഹന്റെയും അർജുവിന്റെയും കൂടിക്കാഴ്ചകൾ കൂടി. എന്നാൽ, സ്വന്തം വീട്ടുകാരുടെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടാൻ മോഹൻസിംഗ് വീട് വിട്ട് പങ്കി പ്രദേശത്തുതന്നെ വാടകയ്ക്ക് ഫ്‌ളാറ്റ് എടുക്കുകയായിരുന്നു. വിദ്യാർത്ഥിനിയായ അർജു ഈ ഫ്‌ളാറ്റിൽ പലപ്പോഴായി വരാനും പോകാനും തുടങ്ങി. അതിനിടെ അർജുവിന്റെ വീട്ടുകാർ അവളുടെ വിവാഹം നിശ്ചയിച്ചു. ഈമാസം 26-ലേക്കാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അപ്പോഴും അർജു, കാമുകൻ മോഹനനെ മറക്കാൻ തയ്യാറായിരുന്നില്ല. ഫെബ്രുവരി 16ന് അമ്മാവന്റെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞാണ് അർജു വീട് വിട്ടിറങ്ങി, കാമുകന്റെ ഫ്‌ളാറ്റിൽ എത്തിയതെന്നാണ് പറയുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മോഹനനെ അവന്റെ വീട്ടുകാർ നിരന്തരം വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പോലീസ് ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ശേഷം പോലീസ് റൂമിനകത്ത് കടന്നപ്പോഴാണ് മോഹനന്റെയും അർജുവിന്റെയും മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് എ.സി.പി നിശാന്ത് ശർമ പറഞ്ഞു. എന്നാൽ, മകളെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ആത്മഹത്യ ചെയ്തതാണെന്ന് മരിച്ച പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. യുവാവിന്റെ മൃതദേഹം കയർ ഉപയോഗിച്ച് ഫാനിൽ തൂങ്ങിമരിച്ച നിലയിലും വിദ്യാർത്ഥിനിയുടേത് ജനാലയിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ഉണ്ടായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പങ്കി പോലീസ് പ്രതികരിച്ചു.