അമൃതസർ - യാത്രക്കാരെ മറന്നുള്ള വിമാനയാത്ര വീണ്ടും. ബംഗളൂരുവിൽ 55 യാത്രക്കാരെ മറന്ന് വിമാനം പറന്നുയർന്നതിന് പിന്നാലെ പഞ്ചാബിലെ അമൃതസർ വിമാനത്താവളത്തിലാണ് പുതിയ സംഭവം. ഇവിടെ നിന്നും സിംഗപ്പൂരിലേക്കുള്ള സ്കൂട്ട് എയർലൈൻസ് വിമാനം നിശ്ചയിച്ച ഷെഡ്യൂളിനും നാലു മണിക്കൂർ മുമ്പേ പറക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ വിമാനം തിരികെ എത്തി യാത്രാതടസ്സമുണ്ടായ 35 യാത്രക്കാരെയും കയറ്റി സിംഗപ്പൂരിലേക്ക് പറന്നു. ഇതേ തുടർന്ന് ബുധനാഴ്ച രാത്രി 7.55ന് സ്കൂട്ട് എയർലൈനിൽ സിംഗപ്പൂരിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർക്ക് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പോകാനായത്.
വിമാന സമയത്തിലെ മാറ്റത്തെക്കുറിച്ച് എയർലൈൻ കമ്പനി യാത്രക്കാർക്ക് വിവരം കൈമാറുന്നതിലുണ്ടായ പ്രശ്നമാണ് സംഭവത്തിന് കാരണമെന്ന് യാത്രക്കാർ പ്രതികരിച്ചു. എന്നാൽ ഇ മെയിൽ വഴി തങ്ങൾ വിവരം അറിയിച്ചുവെന്നാണ് വിമാനക്കമ്പനിയുടെ ഭാഷ്യം. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ഒരു ട്രാവൽ ഏജൻസി തങ്ങളുടെ യാത്രക്കാരെ കൃത്യമായി വിവരം അറിയിക്കുന്നതിലുണ്ടായ വീഴ്ചയാണ് പ്രശ്നത്തിന് കാരണമെന്ന് എയർപോർട്ടിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പ്രസ്തുത വിമാനത്തിൽ പോകേണ്ടിയിരുന്ന 263 യാത്രക്കാർ കൃത്യസമയത്ത് എയർപോർട്ടിൽ എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനം നഷ്ടമായവർ തങ്ങളെ മുൻകൂട്ടി അറിയിക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചതോടെ എയർലൈൻ കമ്പനി അനുകൂല നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തിൽ തങ്ങൾ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും ഒരു മുതിർന്ന ഡി.ജി.സി.എ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈമാസം പത്തിനാണ് ബംഗളൂരുവിൽനിന്ന് ദൽഹിയിലേക്കുള്ള 55 യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നത്. വിമാനത്താവളത്തിൽ നിന്ന് ഫ്ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെയാണ് വിമാനം അധികൃതർ കയറ്റാതെ പോയത്. തുടർന്ന് യാത്രക്കാരുടെ പരാതിയിൽ നാലുമണിക്കൂറിന് ശേഷം മറ്റൊരു വിമാനത്തിൽ ഈ യാത്രക്കാരെ ഗോ ഫസ്റ്റ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു.
വിമാനയാത്രയുമായി ബന്ധപ്പെട്ട് ഈയിടെയുണ്ടായ ഗുരുതരമായ ചില പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര വിമാനക്കമ്പനികളിൽ ചിലത് കടുത്ത തലവേദന സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ ഒന്നിലധികം സാങ്കേതിക തകരാറുകളായിരുന്നു പ്രശ്നമെങ്കിൽ പിന്നീടത് യാത്രക്കാരെ തെറ്റായി കൈകാര്യം ചെയ്യുന്നതിലേക്കെത്തി. മദ്യപിച്ചെത്തിയ യാത്രക്കാരുണ്ടാക്കിയ പ്രശ്നങ്ങളും മൂത്രമൊഴിക്കൽ കേസുകൾക്കും പുറമെ ക്യാബിൻ ക്രൂ നിർദേശങ്ങൾ പാലിക്കാതെയുള്ള പുകവലി ശ്രമങ്ങൾ വരെയുണ്ടായി. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ തുടർ നടപടി ഉണ്ടാകുമെന്നാണ് എയർപോർട്ട് വൃത്തങ്ങൾ നൽകുന്ന സൂചന.