Sorry, you need to enable JavaScript to visit this website.

തിയേറ്ററുകളില്‍ ഭക്ഷണവും പാനീയങ്ങളും വിലക്കാം, പക്ഷെ കുടിവെള്ളം സൗജന്യമായി ഉറപ്പാക്കണം

ന്യൂദല്‍ഹി- സിനിമ ശാലകള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ സ്വന്തം നിലയ്ക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടു വരുന്നത് വിലക്കാന്‍ തിയേറ്റര്‍ ഉടമയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. എന്നാല്‍, എല്ലാ സിനിമ തിയേറ്ററുകളിലും ശുദ്ധീകരിച്ച കുടിവെള്ളം സൗജന്യമായി പ്രേക്ഷകര്‍ക്കു നല്‍കണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്ക് തിയേറ്ററിനുള്ളില്‍ കുട്ടികള്‍ക്കുള്ള ആഹാരം കരുതാം. സിനിമ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്കു സ്വന്തം നിലയില്‍ ഭക്ഷണ, പാനീയങ്ങള്‍ കൊണ്ടു വരാന്‍ അനുവദിക്കണമെന്ന ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ വിധിക്കെതിരേ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
    സിനിമ ശാലകള്‍ സ്വകാര്യ സ്വത്തുക്കള്‍ ആണെന്ന നിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അവകാശമുണ്ടെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ വാദിച്ചു. സുരക്ഷാപരമായ കാരണങ്ങളാലാണ് വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സിനിമ തിയേറ്റര്‍ സന്ദര്‍ശിക്കാനോ അവിടെ നിന്നു ഭക്ഷണം വാങ്ങാനോ ആര്‍ക്കുമേലും നിര്‍ബന്ധം ചെലുത്തുന്നില്ല. തിയേറ്ററുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കുന്നുണ്ടെന്നും കുട്ടികള്‍ക്കുള്ള ഭക്ഷണം അകത്തു കടത്താന്‍ അനുവദിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
    തുടര്‍ന്ന് സിനിമ തിയേറ്റര്‍ ഉടമയ്ക്ക് അവരുടെ നിലയ്ക്ക് ഭക്ഷണവും പാനീയങ്ങളും വില്‍ക്കാന്‍ അവകാശമുണ്ടെന്ന് ജസ്റ്റീസ് പി.എസ് നരസിംഹ ചൂണ്ടിക്കാട്ടി. സ്വകാര്യ സ്വത്തെന്ന് നിലയില്‍ സിനി തിയേറ്ററുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉടമസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റീസും ചൂണ്ടിക്കാട്ടി. ഭക്ഷണം കഴിച്ചിട്ട് പ്രേക്ഷകള്‍ തിയേറ്ററുകളിലെ സീറ്റുകളില്‍ കൈ തുടയ്ക്കുന്നതോ തിയേറ്ററിനുള്ളിലേക്ക് തന്തൂരി ചിക്കന്‍ കൊണ്ടു വരുന്നതോ തിയേറ്റര്‍ ഉടമകള്‍ക്ക് പിടിക്കുന്ന കാര്യമല്ല. തിയേറ്ററില്‍ നിന്ന് പോപ്‌കോണ്‍ വാങ്ങി കഴിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കുന്നുമില്ല. കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന് നിര്‍ദേശിക്കാം. പക്ഷേ, തിയേറ്ററില്‍ നാരങ്ങാ വെള്ളത്തിന് 20 രൂപയാണ് അതു കൊണ്ടു പുറത്ത് കടയില്‍ പോയി നാരങ്ങാ വാങ്ങി വന്ന് പിഴിഞ്ഞു കൊണ്ടു വരുന്നത് അകത്തേക്ക് കയറ്റി വിടണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.     അടിസ്ഥാനപരമായി തിയേറ്ററുകളുടെ നടത്തിപ്പ് അതത് സംസ്ഥാനങ്ങളിലെ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണെന്നും കോടതി വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News