കണ്ണൂര്‍-മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായ ഫര്‍സീന്‍ മജീദ് തിരികെ ജോലിയില്‍ പ്രവേശിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ ആറ് മാസത്തിന് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. 2022 ജൂണ്‍ 13ന് കണ്ണൂരില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോഴാണ് യാത്രക്കാരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഫര്‍സീന്‍, നവീന്‍ കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ഇ.പി ജയരാജനെതിരേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും ഇന്‍ഡിഗോ എയര്‍ലൈന്‍സ് നടപടിയെടുത്തിരുന്നു. ഇ പി ജയരാജന് മൂന്ന് ആഴ്ചത്തെ വിലക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏവിയേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള ലെവല്‍ ഒന്ന് കുറ്റങ്ങളും, ഇ പി ജയരാജന്‍ ലെവല്‍ രണ്ട് കുറ്റവുമാണ് നടത്തിയതെന്നായിരുന്നു ഇന്‍ഡിഗോ എയല്‍ലൈന്‍സിന്റെ കണ്ടെത്തല്‍. കമ്പനിയുടെ വിലക്കിന് പിന്നാലെ താന്‍ ഇന്‍ഡിഗോ എയല്‍ലൈന്‍സ് ബഹിഷ്‌കരിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചിരുന്നു. വിമാനത്തില്‍ വെച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ക്രൂരമായി മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ആരോപിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)