താനൂർ- ചായയിൽ മധുരം കുറഞ്ഞതിന്റെ പേരിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. വയറിന് ഗുരുതരമായി കുത്തേറ്റ ഹോട്ടലുടമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് താനൂർ വാഴക്കത്തെരു അങ്ങാടിയിലെ റസ്റ്റോറന്റ് ഉടമ മനാഫിന് കുത്തേറ്റത്. ചായ കുടിക്കാനെത്തിയ തങ്ങൾ കുഞ്ഞാനിക്കാകത്ത് സുബൈറാണ് മനാഫിനെ കുത്തിയത്. തർക്കത്തിനൊടുവിൽ പുറത്തുപോയ സുബൈര്‍ വീണ്ടും തിരിച്ചെത്തി മനാഫിനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. എട്ടിലേറെ തവണ മനാഫിനെ സുബൈര്‍ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചവരെ താനൂർ ടൗണിൽ വ്യാപാരികൾ ഹർത്താൽ പ്രഖ്യാപിച്ചു.