ലക്‌നൗ- അവർക്ക് പൊതുമേഖല സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വിലയ്ക്കു വാങ്ങാം. എന്നാൽ എന്റെ സഹോദരനെ വാങ്ങാനാകില്ലെന്ന് എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഒൻപതു ദിവസത്തെ ഇടവേളക്ക് ശേഷം പുനരാരംഭിച്ച പദയാത്ര ലഖ്‌നൗവിൽ സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക. ഐക്യം, സ്‌നേഹം, ബഹുമാനം എന്നീ സന്ദേശങ്ങൾ രാജ്യത്തെല്ലായിടത്തും എത്തിക്കുകയാണു ജോഡോ യാത്രയുടെ ലക്ഷ്യം. എന്റെ സഹോദരനെപ്പറ്റി വളരെയേറെ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ പ്രതിഛായ നശിപ്പിക്കാൻ ആയിരക്കണക്കിനു കോടി രൂപയാണു സർക്കാർ ചെലവഴിച്ചത്. എന്നിട്ടും അദ്ദേഹം പിൻവാങ്ങിയില്ല. അദാനിയും അംബാനിയും നേതാക്കളെ വിലയ്ക്കു വാങ്ങുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വാങ്ങുന്നു. പക്ഷേ, എന്റെ സഹോദരനെ അവർക്കു വാങ്ങാനാകില്ല. അതിനൊരിക്കലും സാധിക്കില്ലെന്നതിൽ എനിക്ക് അഭിമാനമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.