ഇസ്ലാമാബാദ്- സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടും സൗദി അറേബ്യയോടുമുള്ള ഇഷ്ടവും സ്‌നേഹവും പ്രകടിപ്പിച്ച പാക്കിസ്ഥാനി ട്രക്ക് ഡ്രൈവര്‍ക്ക് ആദരം. സ്വന്തം ലോറിയുടെ പിന്‍വശത്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ചിത്രവും സൗദി, പാക്കിസ്ഥാന്‍ പതാകകളും പാക് യുവാവ് നവാസ് അഖ്തര്‍ വരക്കുകയായിരുന്നു. ഇതേ കുറിച്ച വാര്‍ത്തകളും വീഡിയോ ക്ലിപ്പിംഗും പുറത്തുവന്നതോടെ പാക്കിസ്ഥാനിലെ സൗദി അംബാസഡര്‍ നവാഫ് അല്‍മാലികി പാക് യുവാവിനെ ഇസ്‌ലാമാബാദ് സൗദി എംബസിയിലേക്ക് വിളിച്ചുവരുത്തി ആദരിക്കുകയും ഉപഹാരം സമ്മാനിക്കുകയുമായിരുന്നു.
സൗദി അറേബ്യയെയും സൗദി ഭരണാധികാരികളെയും താന്‍ അഗാധമായി സ്‌നേഹിക്കുന്നതായി അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ നവാസ് അഖ്തര്‍ പറഞ്ഞു. തന്റെ ലോറിയുമായി സൗദി എംബസി ആസ്ഥാനത്തെത്തിയാണ് യുവാവ് സൗദി അംബാസഡറെ കണ്ടത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ചിത്രവും സൗദി, പാക്കിസ്ഥാന്‍ പതാകകളും പിന്‍വശത്ത് വരച്ച നവാസ് അഖ്തറിന്റെ ലോറി പാക്കിസ്ഥാനിലെ പ്രധാന റോഡിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇസ്‌ലാമാബാദ് സൗദി എംബസിയും പിന്നീട് പുറത്തുവിട്ടു.
ویڈیو pic.twitter.com/bvzVd6m0iP
— السفارة في باكستان - سعودی سفارت خانہ (@KSAembassyPK) January 2, 2023