റിയാദ് - റൊണാള്‍ഡോയെ സൗദിയിലേക്ക് സ്വാഗതം ചെയ്ത് 'ഹലാ റൊണാള്‍ഡോ' എന്ന് ഇംഗ്ലീഷിലും അറബിയിലും എഴുതിയ, പോര്‍ച്ചുഗല്‍ താരത്തിന്റെ ഫോട്ടോ അടങ്ങിയ കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ തലസ്ഥാന നഗരിയിലെ തെരുവുകളെ അലങ്കരിച്ചു.
റൊണാള്‍ഡോയെ പരിചയപ്പെടുത്താന്‍ മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ അല്‍നസ്ര്‍ ക്ലബ്ബ് ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച ചടങ്ങിന്റെ മുഴുവന്‍ ടിക്കറ്റുകളും വളരെ പെട്ടെന്ന് വിറ്റുപോയിരുന്നു. 15 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ച മുഴുവന്‍ തുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന് കൈമാറുമെന്ന് അല്‍നസ്ര്‍ ക്ലബ്ബ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് പോര്‍ച്ചുഗല്‍ താരവും ലോകത്തെ മുന്‍നിര കളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറബ് ആതിഥേയത്വത്തിന്റെ ഊഷ്മളതയിലേക്ക് കുടുംബ സമേതം വിമാനമിറങ്ങിയത്. റൊണാള്‍ഡോയും കുടുംബവും പ്രത്യേക വിമാനത്തില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തിയത്. അല്‍നസ്ര്‍ ക്ലബ്ബ് അധികൃതര്‍ ചേര്‍ന്ന് ലോക താരത്തെ വിമാനത്താവളത്തില്‍ ഊഷ്മളമായി സ്വീകരിച്ചു. ആരാധകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്ന മഹാആഘോഷ പരിപാടി മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന കാര്യം കണക്കിലെടത്താണ് റിയാദ് വിമാനത്താവളത്തിലെ റൊണാള്‍ഡോയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് മാധ്യമങ്ങളെയും ആരാധകരെയും വിലക്കിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)