കണ്ണൂർ - തലശ്ശേരിയിൽ എട്ടു പേർക്ക് സിക വൈറസ് സ്ഥിരീകരിച്ചതോടെ ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ. തലശ്ശേരി കോടതിയിലെ ജഡ്ജിമാരടക്കം നൂറോളം പേർക്കാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതെങ്കിലും ഇതിൽ എട്ടു പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
എന്താണ് സിക?
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഡെങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗത്തിന് കാരണമാവുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സികയും. അതുകൊണ്ട് തന്നെ ഡെങ്കി പടരുന്ന മേഖലയിൽ തന്നെ സിക വൈറസും വ്യാപിക്കാൻ സാധ്യത ഏറെയാണ്. 1947-ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക വൈറസ് ആദ്യം കണ്ടെത്തിയത്. പിന്നീട് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്കൻ, മദ്ധ്യ അമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങളെ ബാധിക്കുകയായിരുന്നു.
രോഗലക്ഷണങ്ങൾ?
സിക വൈറസ് രോഗലക്ഷണം തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പെട്ടെന്ന് തന്നെ സുഖപ്പെടുത്താനാവും. നിപ, കോവിഡ് തുടങ്ങിയ രോഗങ്ങൾ വെച്ച് നോക്കുമ്പോൾ സികയുടെ ലക്ഷണങ്ങൾ അത്ര ഗുരുതരമല്ല. തീവ്രത കുറവാണെങ്കിലും ഡെങ്കിപ്പനിയുമായി ഇതിന് സാമ്യമുണ്ട്. എന്നാൽ അത്രത്തോളം ഗുരുതര ലക്ഷണങ്ങൾ ഉണ്ടാക്കില്ല.
അഞ്ചിൽ നാലുപേർക്കും ലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകില്ല. ചിലരിൽ ചെറിയ പനിമാത്രമായി വന്ന് രോഗം അവസാനിക്കുകയാണ് ചെയ്യുക. അഞ്ചിൽ ഒരാൾക്ക് മാത്രമേ ഡോക്ടറെ കാണേണ്ട സാഹചര്യമുണ്ടാകു. കിടത്തി ചികിത്സ വേണ്ടിവരുന്നത്ര പനി വളരെ അപൂർവമായേ ഉണ്ടാകൂ. മരണ സാധ്യതയും വിരളമാണ്.
എന്നാൽ, സികയുമായി ബന്ധപ്പെട്ട് രണ്ടു പ്രശ്‌നങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഒന്ന്, ഗർഭിണിയായ സ്ത്രീയിൽ രോഗബാധ ഉണ്ടായാൽ നവജാതശിശുവിനെ ബാധിക്കാനുള്ള സാധ്യത. മറ്റൊന്ന്, കുട്ടികളിലും മുതിർന്നവരിലും സിക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശ്‌നങ്ങൾ വരെ ഉണ്ടാവാം. സിക വ്യാപകമായി പടരുന്ന പ്രദേശങ്ങളിൽ രോഗം വന്നുപോയവരിൽ കൈകാലുകൾക്ക് ബലക്കുറവുണ്ടാകുന്ന അവസ്ഥയായായ ഗിലൻ ബേരി സിൻഡ്രോം എന്ന ആരോഗ്യപ്രശ്‌നമാണ് ഉണ്ടാകുന്നത്.
പനി, തലവേദന, ഛർദ്ദി, ചെങ്കണ്ണ്, സന്ധിവേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കൾ ശരീരത്തിലെത്തി മൂന്നാംദിവസം മുതലാണ് ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്.
എന്താണ് പ്രതിരോധം?
സിക 99.9 ശതമാനവും പടരുന്നത് കൊതുകു വഴിയാണ്. അതിനാൽ തന്നെ കൊതുക് നിവാരണം മാത്രമാണ് ഇതിനുള്ള പോംവഴി. കൊതുക് കടി ഏൽക്കാതെ ശ്രദ്ധിക്കുക എന്നതാണ് സികയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.
വളരെ കുറഞ്ഞ ജലാംശത്തിൽ പോലും മുട്ടയിട്ട് പെരുകാൻ കഴിയുന്ന ഈ ഡിസ് കൊതുകുകളാണ് ഇവ പരത്തുന്നത്. വീടിന്റെ പരിസരത്തുള്ള ചെറിയ പാത്രത്തിലോ, കരിയിലക്കൂട്ടത്തിലോ, മാലിന്യകൂമ്പാരത്തിലോ ഒക്കെ മുട്ടയിട്ട് വളരുന്ന കൊതുകുകളാണ് ഈഡിസ് വിഭാഗത്തിലുള്ളത്. ചെടിച്ചട്ടികളിലും അടുക്കളയിലും ഫ്രിഡ്ജിന്റെ പിൻഭാഗം, പൊട്ടിയ സിങ്കുകൾ ഉൾപ്പെടെ വീടിനുള്ളിൽ പോലും മുട്ടയിട്ട് പെരുകാൻ കഴിയുന്നവയാണ് ഇത്തരം കൊതുകുകൾ. അതിനാൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം. അതിനൊപ്പം ഗർഭിണികളായ സ്ത്രികളെ പ്രത്യേകമായി സംരക്ഷിക്കണം. കൊതുകു കടിയേൽക്കാതെ അവരെ സംരക്ഷിക്കാനുള്ള നടപടിയെടുക്കണം. നമുക്ക് രോഗം വന്നാലും നമ്മളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാതിരിക്കാൻ കൊതുകു കടിയേൽക്കാതെ മാറി സുരക്ഷിതരായി വിശ്രമിക്കണം. ജനലുകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കുക, ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക, വീടും പരിസരവും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക എന്നിവയാണ് രോഗം പകരുന്നത് തടയാനുള്ള പ്രധാന മാർഗം.