Sorry, you need to enable JavaScript to visit this website.

കനിയുമോ സർക്കാർ?! നവകേരള സദസ്സിനായി കോടികൾ പൊടിക്കവെ തലവേദനയായി ക്ഷേമപെൻഷൻ കുടിശ്ശികയും

Read More

തിരുവനന്തപുരം - ഭരണനേട്ടം ജനങ്ങളിലെത്തിക്കാനും വിമർശങ്ങളുടെ മുനയൊടിക്കാനും ലക്ഷ്യമിട്ട് രണ്ടാം പിണറായി സർക്കാർ നടത്തുന്ന നവകേരള സദസ്സിന് മുമ്പേ ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ തകൃതിയായ നീക്കം. നിലവിലുള്ള നാലുമാസത്തെ കുടിശ്ശികയിൽ രണ്ടുമാസത്തേതെങ്കിലും മന്ത്രിസഭ അതത് നിയോജക മണ്ഡലത്തിൽ എത്തുന്നതിന് മുമ്പേ അവകാശികൾക്ക് ലഭ്യമാക്കാനാണ് ധനവകുപ്പ് മുഖേന സർക്കാർ നീക്കം നടത്തുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ജനങ്ങളുടെ പെൻഷൻ കുടിശ്ശിക നൽകാതെയും സാമ്പത്തിക ദുരിതം വിതയ്ക്കുന്ന അവശ്യ വസ്തുക്കളുടേയടക്കം വൻ വിലക്കുതിപ്പും തുടരുന്നതിനിടെ കോടികൾ പൊടിച്ചുള്ള പിണറായി സർക്കാറിന്റെ ധൂർത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശം കടുപ്പിക്കാനിരിക്കെയാണ് സർക്കാർ നീക്കം. മുമ്പ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം ജനങ്ങളിൽനിന്ന് നേരിട്ട് പരാതി കേട്ട് നേരം പുലരുവോളം ജനങ്ങൾക്കൊപ്പം നിന്ന് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ച സി.പി.എം തന്നെ ഇപ്പോൾ അതേ വഴിക്കു സഞ്ചരിക്കുകയാണ്. പക്ഷേ, ഉമ്മൻചാണ്ടി ഖജനാവിന് അധിക ബാധ്യത വരുത്താതെയായിരുന്നു ജനക്ഷേമ പരിപാടികൾ നടത്തിയതെങ്കിൽ പിണറായി സർക്കാർ ഖജനാവിൽനിന്ന് കോടികൾ വീണ്ടും ധൂർത്തമാക്കിയാണ് ഭരണമികവ് വിളിച്ചുപറയാനായി വേദിയൊരുക്കുന്നതെന്നാണ് വിമർശം.
 ഉമ്മൻചാണ്ടി യാതൊരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ ജനപ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് ആശ്വാസം പകർന്നപ്പോൾ പിണറായി സർക്കാർ തങ്ങൾക്കു ലഭിക്കേണ്ട ക്ഷേമപെൻഷൻ കുടിശ്ശികകൾ പോലും തീർക്കാതെയാണ് കേരളം മുഴുക്കെ വീണ്ടും ബാധ്യത വരുത്തുന്നതെന്നാണ് ആരോപണം. ഭരണകാലയളവിന്റെ പകുതി പിന്നിടും മുമ്പേ ഉയർന്ന ഉപ തെരഞ്ഞെടുപ്പ് തിരിച്ചടികൾ അടക്കമുള്ള കാര്യങ്ങളിൽനിന്ന് പാഠം പഠിക്കാനും സർക്കാറിന്റെ പ്രതിച്ഛായ വർധിപ്പിക്കാനും മൂന്നാമൂഴത്തിന് തന്ത്രങ്ങൾ ഒരുക്കാനുമാണ് ജനസദസ്സിലൂടെ സി.പി.എമ്മും സർക്കാറും പ്രധാന ലക്ഷ്യമിടുന്നത്.
 കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ട് മാസത്തെയെങ്കിലും ക്ഷേമ പെൻഷനുകളുടെ വിതരണത്തിനും മറ്റുമായി രണ്ടായിരം കോടി രൂപ ഉടനെ കണ്ടെത്തണമെന്നാണ് ധനവകുപ്പ് പറയുന്നത്. ഇതിനായി സഹകരണ കൺസോർഷ്യത്തിൽ നിന്ന് പണമെടുക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. തുടർന്നാണ് മറ്റ് മാർഗങ്ങൾ ആരായുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിന് എടുക്കാൻ അനുവാദമുള്ള കടത്തിൽ 52 കോടി രൂപ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും പറയുന്നു. എന്തായാലും കോടികൾ പൊടിച്ച് കൊട്ടും കുരവയുമായി ജനങ്ങൾക്കു മുമ്പിലേക്ക് പോകും മുമ്പ് അവരുടെ അർഹമായ അവകാശങ്ങളോട് പരമാവധി നീതി പുലർത്താനുള്ള ആലോചനയിലാണ് സർക്കാറുള്ളത്.

Latest News