Sorry, you need to enable JavaScript to visit this website.

അക്രമിയെ പൊക്കാൻ ഉറങ്ങാതെ നാട്; തിരച്ചിൽ ഊർജിതമാക്കി പോലീസ്

Read More

കോഴിക്കോട് - കേരളത്തെ ഞെട്ടിച്ച ട്രെയിനിലെ തീ കൊളുത്തൽ ദുരന്തത്തിൽ വിലപ്പെട്ട മൂന്ന് ജീവനുകൾ നഷ്ടമാവുകയും ഒൻപത് പേർ തീ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ കഴിയുമ്പോഴും അതിന് വഴിവെച്ച അക്രമിയെ പിടികൂടാനായി ഉറക്കമിളച്ച് നാടും നിയമപാലകരും. മുഖ്യ പ്രതിയെ കണ്ടെത്താനായി എലത്തൂരിലും പരിസര പ്രദേശങ്ങളിലുമെല്ലാം നാട്ടുകാർ സംഭവമറിഞ്ഞതു മുതൽ ഉറക്കമില്ലാതെ തിരച്ചിലിലും രക്ഷാപ്രവർത്തനങ്ങളിലുമായിരുന്നു. പ്രതിയെ പിടികൂടാനായി വിവിധ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് ഊർജിതമായ തിരച്ചിൽ നടപടികളുമായി പോലീസ് സംഘവും മുന്നോട്ടു പോകുന്നു. 
  തീ കൊളുത്തിയത് ചുവന്ന ഷർട്ടിട്ട തൊപ്പി വെച്ച ആളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. മെലിഞ്ഞ പ്രകൃതം. കറുത്ത പാന്റിട്ട്, രണ്ട് കുപ്പി പെട്രോളുമായാണ് അക്രമി റിസർവ് കമ്പാർട്ടുമെന്റിലേക്ക് വന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ അവിടെയിരുന്ന ആളുകളുടെ ദേഹത്തേക്ക് പെട്രോൾ ചുഴറ്റി തീ കൊളുത്തുകയായിരുന്നു. എന്നാൽ ഇയാൾ എവിടെ നിന്നാണ് കയറിയതെന്നോ ആരാണെന്നതോ എന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. ട്രെയിന് തീ കൊടുത്തതോടെ പിടിക്കപ്പെടുതിരിക്കാനായി ഇയാൾ ചങ്ങല വലിച്ച് ട്രെയിനിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയാണുണ്ടായത്.
 സംഭവമറിഞ്ഞ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, എ.സി.പി ബി ബിജുരാജ് തുടങ്ങിയവർ സ്ഥലത്തെത്തി. പ്രതിയെ പിടികൂടാൻ ഉത്തരമേഖലാ ഐ.ജിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി തന്നെ എലത്തൂർ സ്റ്റേഷനിൽ അടിയന്തര യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നേരം പുലരും മുമ്പേ പ്രതിയെ കയ്യോടെ പൊക്കാനുള്ള നിർദേശമാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 അജ്ഞാതൻ പെട്രോൾ ഒഴിച്ചതിനെത്തുടർന്ന് ട്രെയിൻ ആളിക്കത്തിയപ്പോൾ ജീവൻ ഭയന്ന് ട്രെയിനിൽനിന്ന് ചാടിയവരാണ് കോരപ്പുഴ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മൂന്ന് പേരുമെന്ന് പോലീസ് പറഞ്ഞു. ഒരു സ്ത്രീയുടേയും മധ്യവയസ്‌കന്റേയും പിഞ്ചുകുഞ്ഞിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്-ജസീല ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ഷഹ്‌റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്‌റിയ മൻസിലിൽ റഹ്മത്ത് (45) എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സഹോദരി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന് ചേർന്നതിനാൽ അവരുടെ മകളെ നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു റഹ്മത്തെന്നാണ് ലഭിച്ച വിവരം. മധ്യവയസ്‌കന്റെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹമെല്ലാം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 
 തീ വെപ്പിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പൊള്ളലേറ്റ് മൂന്ന് ആശുപത്രികളിലായി കഴിയുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ട്രെയിനിൽ തീപടർന്നെങ്കിലും രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തിയതോടെ വൻ ദുരന്തമാണ് ഒഴിവായത്. 
 പൊള്ളലേറ്റ കതിരൂർ പൊയ്യിൽ ഹൗസിൽ അനിൽകുമാർ (50), ഭാര്യ സജിഷ (47), മകൻ അദ്വൈത് (21), മണ്ണൂത്തി മാനാട്ടിൽ വീട്ടിൽ അശ്വതി (29), തളിപ്പറമ്പിൽ നീലിമ ഹൗസിൽ റൂബി (52) എന്നിവരാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), തൃശൂർ സ്വദേശി പ്രിൻസ് (35), കണ്ണൂർ സ്വദേശി പ്രകാശൻ (34) എന്നിവർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും കണ്ണൂർ സ്വദേശിയായ റാസിഖ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
 ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ ഇന്നലെ രാത്രി തന്നെ തുടർ അന്വേഷണത്തിന്റെ ഭാഗമെന്നോണം കണ്ണൂരിൽ സീൽ ചെയ്തിരിക്കുകയാണ്.

Latest News