കോഴിക്കോട് - ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ വഴക്കിനു പിന്നാലെ യാത്രക്കാരൻ തീകൊളുത്തി. 9 പേർക്ക് പൊള്ളലേറ്റു. കോഴിക്കോട് എലത്തൂരിൽ വച്ച് ഡി വൺ കോച്ചിലെ യാത്രക്കാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം.
ഇന്ന് (ഞായറാഴ്ച) രാത്രി 9.05ന് കോഴിക്കോട്ട് നിന്ന് ട്രെയിൻ കണ്ണൂരിലേക്കു പോകുമ്പോഴാണ് യാത്രക്കാരൻ തീയിട്ടത്. നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. കാറ്റത്ത് തീ പെട്ടെന്ന് പടർന്നതോടെ, സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീപടർന്നു. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കമ്പാർട്ട്‌മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
സംഭവത്തിൽ ഏതാനും യാത്രക്കാർക്ക് തീ പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലും ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്. മൂന്ന് സ്ത്രീകൾ ഉൾപ്പടെ പരുക്കേറ്റ ആറു യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പ്രിൻസ് എന്ന യാത്രക്കാരനെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് കൺട്രോൾ റൂം വാഹനത്തിലാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിയത്.
തീ പിടുത്തമുണ്ടായ ഉടനെ ട്രെയിൻ നിർത്തി, രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തിയതോടെ വൻ ദുരന്തമാണ് ഒഴിവായത്. ട്രെയിൻ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷം യാത്ര തുടർന്നു. എന്നാൽ, അക്രമിയെ പിടികൂടാനായിട്ടില്ല. പ്രതി ഉടനെ രക്ഷപ്പെടുകയായിരുന്നു. ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.