കോഴിക്കോട് - എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം കോരപ്പുഴ പാളത്തിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടേയും മധ്യവയസ്‌കന്റേയും പിഞ്ചുകുഞ്ഞിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ സ്ത്രീയെയും കുഞ്ഞിനെയുമാണ് തിരിച്ചറിഞ്ഞത്.
കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്‌റിയ മൻസിലിൽ റഹ്മത്ത് (45), ഇവരുടെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീലയുടെ മകൾ രണ്ടര വയസ്സുകാരി ഷഹ്‌റാമത്ത് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മരിച്ച മധ്യവയസ്‌കൻ കണ്ണൂർ സ്വദേശിയാണെന്നാണ് സൂചന. എന്നാൽ സ്ഥിരീകരണമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അജ്ഞാതൻ പെട്രോൾ ഒഴിച്ചതിനെത്തുടർന്ന് ട്രെയിൻ ആളിക്കത്തിയപ്പോൾ ജീവൻ ഭയന്ന് ട്രെയിനിൽനിന്ന് ചാടിയവരാണ് പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മൂന്ന് പേരുമെന്ന് പോലീസ് പറഞ്ഞു.