ന്യൂയോർക്ക് - അടുത്തവർഷം നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രംഗത്തുള്ള ഡൊണാൾഡ് ട്രംപിനോട് മുട്ടാൻ സന്നദ്ധതയറിയിച്ച് ഇന്ത്യൻ വംശജയായ നിക്കി ഹേലി. ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കു വേണ്ടി മത്സരത്തിനിറങ്ങുമെന്ന് നിക്കി ഒരു വീഡിയോയിൽ വ്യക്തമാക്കി.
രണ്ടുതവണ സൗത്ത് കരോലിന ഗവർണറായ നിക്കി ഹേലി, ഡൊണാൾഡ് ട്രംപിന്റെ കാലത്ത് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡറായിരുന്നു. യു.എസിൽ കാബിനറ്റ് തലത്തിൽ നിയമിക്കപ്പെട്ട ആദ്യത്തെ ഇന്തോ-അമേരിക്കക്കാരിയായിരുന്നു നിക്കി. ബുധനാഴ്ച സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽ നടക്കുന്ന പ്രസംഗത്തിൽ 51-കാരിയായ ഇവർ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രൂപരേഖ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2024 നവംബർ അഞ്ചിനാണ് ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'ഞാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുകയാണ്. പുതിയ തലമുറ നയിക്കേണ്ട സമയമാണിത്. രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും നമ്മുടെ അതിർത്തികൾ സംരക്ഷിക്കുകയും രാജ്യത്തെ കൂടുതൽ ശാക്തീകരിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ അഭിമാനവും ലക്ഷ്യവുമാണെന്ന് നിക്കി ഹേലി വീഡിയോയിൽ പറഞ്ഞു. ഇന്ത്യയിൽ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ അഭിമാന മകളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹേലി, സൗത്ത് കരോലിനയിലാണ് വളർന്നതെന്നും ശക്തവും അഭിമാനകരവുമായ അമേരിക്കയിൽ് വിശ്വസിക്കുന്നതായും വീഡിയോയിൽ വ്യക്തമാക്കി. നിലവിൽ ട്രംപിനെ വെല്ലുവിളിക്കാൻ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ച റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നുള്ള ആദ്യ മത്സരാർത്ഥിയാണ് നിക്കി ഹേലി.