ന്യൂദൽഹി - പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ നിലവിലുള്ള ഏതു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി. ശ്രീനഗർ സ്വദേശികളുടെ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ മണ്ഡല പുന:ക്രമീകരണത്തിനായി കമ്മിഷൻ രൂപീകരിച്ച നടപടിയും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച് ശരിവച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതും കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചതും ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനാൽ, പുനഃക്രമീകരണ കമ്മിഷൻ രൂപീകരിച്ചത് ശരിവയ്ക്കുന്നതിനെ, പ്രത്യേക പദവിയുമായി ബന്ധപ്പെട്ട നടപടികൾ അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും കോടതി മുന്നറിയിപ്പു നൽകി. ശ്രീനഗർ സ്വദേശികളായ ഹാജി അബ്ദുൽ ഗനി ഖാനും ഡോ. മുഹമ്മദ് അയൂബ് മട്ടുവുമാണ് കമ്മിഷൻ രൂപീകരണം ചോദ്യം ചെയ്ത് ഹർജി നൽകിയത്.
ഭരണഘടനയുടെ 3, 4 വകുപ്പുകൾ വ്യാഖ്യാനിച്ചാണ്, നിലവിലുള്ള സംസ്ഥാനത്തെ ഒന്നോ അതിലധികമോ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ നിയമത്തിലൂടെ സാധിക്കുമെന്നു കോടതി വ്യക്തമാക്കിയത്. 2019 ആഗസ്ത് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും റദ്ദാക്കി ജമ്മു കശ്മീർ, ലഡാക്ക് എന്നിവ കേന്ദ്രഭരണ പ്രദേശങ്ങളാക്കാനും മോദി സർക്കാർ നടപടി സ്വീകരിച്ചത്. പുതുച്ചേരി പോലെ, നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു കശ്മീർ എന്നും വ്യവസ്ഥ ചെയ്തു. തുടർന്ന് മണ്ഡല പുനഃക്രമീകരണത്തിന് സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന ദേശായി അധ്യക്ഷയായി കമ്മിഷൻ രൂപീകരിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒരുദിവസം മോഡി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരും; അദാനിയെ പറഞ്ഞതിന് വ്യക്തിപരമായി അധിക്ഷേപിച്ചെന്നും രാഹുൽ ഗാന്ധി
കൽപ്പറ്റ - അദാനി-നരേന്ദ്ര മോഡി ബന്ധത്തിൽ താൻ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ മീനങ്ങാടിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
അദാനിക്കു വേണ്ടി കേന്ദ്രസർക്കാർ ചട്ടങ്ങൾ മറികടക്കുകയാണ്. അദാനി പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നും കരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നും രാഹുൽ ചോദിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെയാണ്? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും പാർലമെന്റിൽ പറഞ്ഞത് സത്യങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
താന് മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാൽ പാർലമെന്റിലെ തന്റെ പ്രസംഗം കേന്ദ്രസർക്കാർ നീക്കം ചെയ്തു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനു പകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. എന്നാൽ ഇത് പാർലമെൻറിൽ നിന്ന് നീക്കം ചെയ്തില്ലെന്നും ഇരട്ടത്താപ്പ് സമീപനമാണ് ഉണ്ടായതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സത്യം എന്നായാലും പുറത്തു വരും. ഞങ്ങളുടെ രണ്ട് പേരുടെയും ശരീരഭാഷ കണ്ടാലറിയാം സത്യം എവിടെയാണെന്ന്. സത്യം മോഡിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവർക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്കദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കണമെന്നും ബഫർ സോൺ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയിൽ ഒരുപാട് കർഷകരെ കണ്ടു. എല്ലാവരും അസംതൃപ്തരാണ്. ചികിത്സ കിട്ടിയിരുന്നെങ്കിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തോമസിന്റെ കുടുംബം ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.