പാല്‍ഘര്‍- മഹരാഷ്ട്രയില്‍ സഹോദരിയുടെ ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന സംഭവത്തില്‍ 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാല്‍ഘറിലെ മൊഖാഡയിലാണ് സംഭവം.
കൊല്ലപ്പെട്ടയാള്‍ മദ്യലഹരിയില്‍ പ്രതിയുടെ സഹോദരിയെ മര്‍ദിച്ചിരുന്നുവെന്നും ഇതാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് പറഞ്ഞു. പാല്‍ഘറിലെ മൊഖാഡ ഗ്രാമത്തില്‍ ഭാര്യ രൂപാലി, എട്ടുവയസ്സുള്ള മകള്‍ പ്രിയങ്ക, അമ്മ കൗസല്യ എന്നിവര്‍ക്കൊപ്പം താമസിച്ചിരുന്ന മഹീന്ദ്ര ഭോയെ (35) ആണ് കൊല്ലപ്പെട്ടത്. രൂപാലിയുടെ സഹോദരന്‍ ദിലീപ് ദേവ്‌റാവു മഹാലെയാണ് അറസ്റ്റിലായ പ്രതി.
കഴിഞ്ഞ ദിവസം വൈകുന്നേരം ഭോയ് മദ്യപിച്ച് ലക്കുകെട്ട് ഭാര്യ രൂപാലിയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മര്‍ദനം സഹിക്കാനാവാതെ രൂപാലി വീട് വിടുകയും ഭര്‍ത്താവിന്റെ മദ്യപാന ശീലങ്ങളെക്കുറിച്ച് വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. കോപാകുലനായ സഹോദരന്‍ മഹാലെ ഭോയെയുടെ തലയില്‍ കോടാലി കൊണ്ട് മൂന്ന് തവണ വെട്ടി കൊലപ്പെടുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു. ഭോയ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം പ്രതിയെ അറസ്റ്റ് ചെയ്തു. സഹോദരിയെ ഉപദ്രവിച്ചതിനാലാണ് കൊല നടത്തിയതെന്ന് പ്രതി അവകാശപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)