കൊച്ചി- ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമ 'മാളികപ്പുറം' വേള്‍ഡ് വൈഡ് 40 കോടി കളക്ഷന്‍ സ്വന്തമാക്കി. ചിത്രത്തിന്റെ പതിനേഴാം ദിവസം കേരളത്തില്‍ നിന്നും മൂന്നു കോടി കളക്ഷനാണ് ചിത്രം നേടിയത്. മിഡില്‍ ഈസ്റ്റില്‍ നിന്നും രണ്ടു കോടിക്ക് മുകളിലും ആഗോള തരത്തില്‍ നിന്നും അഞ്ച് കോടിക്ക് മുകളിലും കളക്ഷന്‍ നേടിയിട്ടുണ്ട്.
അയ്യപ്പ ഭക്തന്റെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കാണാന്‍ ഫാമിലി ഓഡിയന്‍സാണ് പ്രധാനമായും തിയറ്ററുകളിലെത്തുന്നത്. പ്രേക്ഷകരുടെ പ്രതികരണം പരിഗണിച്ച് എക്‌സ്ട്രാ ഷോയും സ്‌ക്രീനും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമാണ് മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഈ ആഴ്ച റിലീസിന് ഒരുങ്ങുകയാണ്.
'കാവ്യാ ഫിലിം കമ്പനി'യുടെയും 'ആന്‍ മെഗാ മീഡിയ'യുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ് 'മാളികപ്പുറം' നിര്‍മ്മിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമ അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് പറയുന്നത്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, സമ്പത്ത് റാം, ടി. ജി. രവി, രഞ്ജി പണിക്കര്‍, മനോജ് കെ. ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് മറ്റ് താരങ്ങള്‍.
വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീര്‍ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മ, ബി. കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കലാസംവിധാനം: സുരേഷ് കൊല്ലം, മേയ്ക്കപ്പ്: ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം: അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി സ്റ്റണ്ട്: സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടേര്‍സ്: രജീസ് ആന്റണി, ബിനു ജി. നായര്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കോറിയോഗ്രഫി: ഷരീഫ്, സ്റ്റില്‍സ്: രാഹുല്‍ ടി, ലൈന്‍ പ്രൊഡ്യൂസര്‍: നിരൂപ് പിന്റോ, മാനേജര്‍സ്: അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്റ്: വിപിന്‍ കുമാര്‍.