കൊച്ചി- പറയാൻ സൗകര്യമില്ല എന്ന് വച്ചാൽ പറയാൻ സൗകര്യം ഇല്ലെന്ന് തന്നെയാണെന്നും അതിനിപ്പോ മാപ്രകൾ കിടന്ന് കരഞ്ഞിട്ടൊന്നും കാര്യമില്ലെന്നും പി.വി അൻവർ എം.എൽ.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എൽ.എ ഇക്കാര്യം പറഞ്ഞത്. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ പി.വി അൻവർ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അതിരൂക്ഷമായാണ് പ്രതികരിച്ചത്. ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ല, ഇവിടെ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തെ പറ്റി പറയാനാണ് വിളിപ്പിച്ചത്. ന്നാ താൻ പോയി പറ, പറയാൻ സൗകര്യമില്ലടോ തുടങ്ങി അതിരൂക്ഷമായ ഭാഷയിലാണ് പി.വി അൻവർ പ്രതികരിച്ചത്.
ഇ.ഡിയുടെ കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്തത്. ഓഫീസിലേക്ക് എം.എൽ.എയെ വിളിച്ചുവരുത്തുകയായിരുന്നു. മംഗലാപുരം ബെൽത്തങ്ങാടിയിലെ ക്രഷർ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. വൈകുന്നേരം വിളിപ്പിച്ച അൻവറിനെ രാത്രി 9.30നാണ് വിട്ടയച്ചത്. ക്രഷറിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അൻവർ തട്ടിയെന്ന് പ്രവാസി എൻജിനീയർ നടുത്തൊടി സലീം പരാതി നൽകിയിരുന്നു. വിഷയം അന്വേഷിച്ച െ്രെകം ബ്രാഞ്ച് പി.വി അൻവർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിയിൽ ഇ.ഡിയും കേസെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു.