കാബൂൾ - അഫ്ഗാനിസ്ഥാനിൽ ചാവേറാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് ചാവേർ ബോംബ് സ്‌ഫോടനം ഉണ്ടായത്. പ്രാദേശിക സമയം നാലോടെയാണ് സംഭവം. ചൈനീസ് പ്രതിനിധി സംഘം താലിബാനുമായി ചർച്ച നടത്തുന്ന സമയത്താണ് സ്‌ഫോടനം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറഞ്ഞത് 20 പേരുടെ ജീവഹാനിക്കു പുറമെ നിരവധി പേർക്ക് പരുക്കേറ്റതായി ഇൻഫർമേഷൻ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ഉസ്താദ് ഫരീദൂൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. സ്‌ഫോടക വസ്തുക്കളുമായി വിദേശകാര്യ മന്ത്രാലയത്തിനുള്ളിൽ കടന്നുകയറാനായിരുന്നു ഭീകരൻ ശ്രമിച്ചത്. എന്നാൽ, ഈ ശ്രമം പരാജയപ്പെട്ടതോടെ അക്രമി അധികൃതരുടെ കൺമുന്നിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കി. സ്‌ഫോടനം നടന്നതിന് പിന്നാലെ സംഭവസ്ഥലത്ത് കുടുതൽ സുരക്ഷാ സംഘത്തെ വിന്യസിച്ചതായി കാബൂൾ പോലീസ് ചീഫ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.