Sorry, you need to enable JavaScript to visit this website.

തട്ടിയെടുത്തത് നൂറ് കോടിയോളം, അഞ്ചു പൈസ കയ്യിലില്ല, വണ്ടിക്കൂലിക്ക് വിവാഹ മോതിരം വിറ്റെന്നും മൊഴി

തൃശൂര്‍ :  ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തതിന് അറസ്റ്റിലായ  പ്രവീണ്‍ റാണയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ ഒരു പൈസയുമില്ലെന്ന് സൂചന. ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനോടാണ് തന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന കാര്യം  പ്രവീണ്‍ റാണ പറഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലില്‍ അണിഞ്ഞ വിവാഹമോതിരം വിറ്റാണ് ഒളിവില്‍ പോകാനുള്ള പണം സ്വരൂപിച്ചതെന്നും പ്രവീണ്‍ റാണ മൊഴി നല്‍കി. ഇത് ശരിയോണോയെന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്.
പണത്തിനായി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അവരെല്ലാം കൈമലര്‍ത്തിയെന്നാണ് റാണ പൊലീസിനോട് പറഞ്ഞത്. ഒടുവില്‍ കോയമ്പത്തരിലെത്തി വിവാഹ മോതിരം വിറ്റ് പണം കണ്ടെത്തി. പൊള്ളാച്ചിയിലെത്തുമ്പോള്‍ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു.  സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായി റാണ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ട് അംഗരക്ഷകരെ കസ്റ്റഡിയിലെടുത്തു.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ പൊലീസ് എത്തിയതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കള്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഇറക്കി. അവിടെ നിന്നും ബസില്‍ ഇയാള്‍ അങ്കമാലി എത്തി. അങ്കമാലിയില്‍ നിന്നും ബന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയത്. ജനുവരി ഏഴിനെ പുലര്‍ച്ചെയാണ് ഇയാള്‍ കൊച്ചിയില്‍ നിന്നും പൊള്ളാച്ചിയിലേക്ക് കടന്നത്. പൊള്ളാച്ചിയില്‍ റാണ ഒളിവില്‍ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. തൃശൂരിലെത്തിച്ച റാണയെ അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പെരുമ്പാവൂര്‍ സ്വദേശിയാണ് റാണയ്ക്ക് തമിഴ്‌നാട്ടില്‍ ഒളിയിടം ഒരുക്കിയതെന്നാണു സൂചന. അതിഥി തൊഴിലാളിയുടെ ഫോണില്‍നിന്നു റാണ വീട്ടുകാരെ വിളിച്ചതാണ് ഒളിയിടം കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. ഇവിടെയെത്തിയ പൊലീസ് സംഘം ബലം പ്രയോഗിച്ചാണു റാണയെ കസ്റ്റഡിയിലെടുത്തത്.
കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ചെറുപട്ടണത്തിലായിരുന്നു പ്രവീണ്‍ റാണയുടെ താമസം. ഏറുമാടം കെട്ടി അംഗരക്ഷകര്‍ക്കൊപ്പം കാഷായ വേഷത്തില്‍ കഴിയുകയായിരുന്നു. കേസില്‍ പ്രതിയായതോടെ ഈ മാസം ആറിനാണ് പ്രവീണ്‍ റാണ സംസ്ഥാനം വിട്ടത്.
കഴിഞ്ഞ ദിവസം പൊലീസ് റാണയെ പിടികൂടുന്നതിനായി കൊ?ച്ചി കടവന്ത്രയിലെ പങ്കാളിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലെത്തിയെങ്കിലും സാഹസികമായി രക്ഷപെട്ടിരുന്നു. തൃശൂര്‍ പൊലീസെത്തുമ്പോള്‍ റാണ ഫ്‌ളാറ്റിലുണ്ടായിരുന്നു. പോലീസ് ലിഫ്റ്റ് വഴി മുകളിലേക്ക് കയറിയപ്പോള്‍ റാണ മറ്റൊരു ലിഫിറ്റ് വഴി താഴേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.  
തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ്ങ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. പ്രവീണ്‍ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കടത്തിയെന്നാണ് സൂചന. ഇരയായ മുഴുവന്‍ നിക്ഷേപകരും പരാതി നല്‍കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 100 കോടി രൂപ കവിയാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ല്‍ അനന്‍ എന്ന ചിത്രം നിര്‍മിക്കുകയും ഇതില്‍ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീണ്‍ റാണ. 2022 ലെ ചോരന്‍ എന്ന സിനിമയും നിര്‍മിച്ച് അതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീണ്‍ റാണയായിരുന്നു.

 

Latest News